അടച്ചുപൂട്ടിയ ആർഎംഎസ് സെന്ററുകൾ തുറക്കണം: യുഡിഎഫ് എംപിമാർ
1486331
Thursday, December 12, 2024 1:30 AM IST
ആലുവ: ആലുവ അടക്കം കേരളത്തിൽ അടച്ചു പൂട്ടിയ റെയിൽവേ മെയിൽ സർവീസ് സെന്ററുകളുടെ പ്രവർത്തനം ആരംഭിക്കണമെന്ന് യുഡിഎഫ് എംപിമാർ ആവശ്വപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് യുഡിഎഫ് എംപിമാർ കേന്ദ്രവാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഡൽഹിയിലെത്തി നിവേദനം കൈമാറി.
പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന കേരളത്തിലെ കായംകുളം, ചങ്ങനാശ്ശേരി, ആലുവ, ഇരിങ്ങാലക്കുട, ഷൊർണൂർ, വടകര, തലശ്ശേരി എന്നീ റെയിൽവേ സ്റ്റേഷനുകളിലെ റെയിൽവേ മെയിൽ സർവീസ് സെന്ററുകളാണ് പ്രവർത്തനം നിർത്തിയത്. പോസ്റ്റൽ വകുപ്പിന്റെ തീരുമാനം പുനപരിശോധിക്കുകയും റദ്ദാക്കുകയും ചെയ്യണമെന്ന് എംപിമാർ മന്ത്രിയോട് ആവശ്യപ്പെട്ടു.
നിർത്തലാക്കുന്ന റെയിൽവേ മെയിൽ സർവീസ് കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പാർലമെന്റ് മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന ബെന്നി ബഹന്നാൻ, വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്. എൻ.കെ. പ്രേമചന്ദ്രൻ എംപിയും ഇവർക്കൊപ്പമുണ്ടായിരുന്നു.