മയക്കുമരുന്നു വില്പനക്കാരന് വടിവാളുമായി കുടുങ്ങി
1486038
Wednesday, December 11, 2024 3:38 AM IST
കൊച്ചി: വടിവാളുമായി മയക്കുമരുന്നു വില്പനക്കാരനെ പോലീസ് പിടികൂടി. ഫോര്‍ട്ടുകൊച്ചിയില്‍ വാടകയ്ക്ക് താമസിക്കുന്ന മട്ടാഞ്ചേരി സ്വദേശി നൗഫലി (പല്ലന് നൗഫല്‍-31)നെയാണ് ഫോര്‍ട്ടുകൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ താമസ സ്ഥലത്തുനിന്ന് 24 ഗ്രാം നൈട്രസെപാം മയക്കുമരുന്നും 17 ഗ്രാം ഹാഷിഷ് ഓയിലും വടിവാളും പോലീസ് പിടിച്ചെടുത്തു. നിരവധി കേസുകളില്‍ പ്രതിയായ ഇയാൾ കൊച്ചിയിലെ മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയാണ്.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നാലു പേര് ചേര്‍ന്ന് നടത്തിയ കവര്‍ച്ചാ കേസിലും, ഫോര്‍ട്ടുകൊച്ചി പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ പിടിച്ചുപറിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞവര്‍ഷം ഫോര്‍ട്ടുകൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത എംഡിഎംഎ കേസിന്റെ അന്വേഷണ മധ്യേ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതി പോലീസ് നിരീക്ഷണത്തിലായിരുന്നു.
മയക്കുമരുന്നിന് അടിമയായ പ്രതി എംഡിഎംഎ, നൈട്രാസെപാം, ഹാഷിഷ് ഓയില്‍ എന്നിവയുടെ ഇടപാടുകളാണ് നടത്തുന്നത്. ഇടപാടുകാരെ പേടിപ്പിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനുമാണ് പ്രതി വടിവാള്‍ സൂക്ഷിച്ചിരുന്നത്. ഇയാളുടെ ഇടപാടുകാരെക്കുറിച്ചും ഗുണ്ടാസംഘങ്ങളുമായിട്ടുള്ള ബന്ധങ്ങളെക്കുറിച്ചും അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.