പ്രകൃതിയെ പ്രണയിക്കുന്ന പഠിതാക്കള്‍
1485744
Tuesday, December 10, 2024 4:07 AM IST
ജോയെല്‍ നെല്ലിക്കുന്നേല്‍
വാഴക്കുളം: മൊബൈലിലും ലാപ്പിലും മാത്രം പച്ചപ്പും ഗ്രാമഭംഗിയും കണ്ടെത്തുന്ന കുട്ടി കുരുന്നുകളെ തിരികെ പ്രകൃതിയിലേക്ക് നടത്തുകയാണ് ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. പഠനത്തിനൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂള്‍ പരിസരത്ത് അടുക്കളത്തോട്ടവും പൂന്തോപ്പും ഒരുക്കുകയാണ് ഇവിടത്തെ കുട്ടികള്‍. കണ്ണിനു കുളിര്മയേകുന്ന പൂന്തോട്ടവും വിഷരഹിതമായി പോഷക സമൃദ്ധമായ പച്ചക്കറികളും നട്ടുവളര്‍ത്തുന്ന സെന്റ് സെബാസ്റ്റ്യന്‍സ് കുട്ടികള്‍ വളര്‍ന്നുവരുന്ന തലമുറയ്ക്ക് പ്രചോദനവും കാര്‍ഷിക സംസ്കാരത്തിന്റെ സന്ദേശവുമാണ് പകരുന്നത്.
കഴിഞ്ഞ കര്‍ഷകദിനത്തില്‍ ഇവിടത്തെ കുട്ടിക്കൂട്ടം നട്ടുവളര്‍ത്തിയ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. അവരുടെ ഉച്ചഭക്ഷണത്തില്‍ സ്വന്തമായി ഉത്പാദിപ്പിച്ച പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ ഉത്പാദനത്തിനായി എല്ലാവരേയും പ്രേരിപ്പിക്കുകയുമാണ്. കുമ്പളം, മത്തങ്ങ, ചുരയ്ക്ക, പീച്ചില്‍, ചേന, ചേമ്പ് തുടങ്ങിയവയൊക്കെ എന്താണെന്നറിയാത്ത തലമുറയിലെ കുട്ടികള്‍ക്ക് പ്രായോഗിക പരിശീലന കളരി കൂടി ആകുകയാണ് അടുക്കളത്തോട്ട പരിപാലനം. ചിക്കന്‍, മത്സ്യം എന്നിവയില്‍ നിന്നു വേറിട്ട് കുട്ടികള്‍ക്ക് വിറ്റാമിനുകളുടെ നൈസര്‍ഗിക ഊര്‍ജ സ്രോതസായ വ്യത്യസ്ത പച്ചക്കറികളെ തൊട്ടറിയാനും രുചിച്ചറിയാനും അവസരമാകുകയാണ്. കൃത്രിമ രുചിക്കൂട്ടുകള്‍ നാവില്‍ പകരുന്ന രുചി വയറിനു രുചികരമാകണമെന്നില്ലെന്ന പാഠവും പ്രകൃതി കുഞ്ഞു മനസുകളില്‍ പകരുകയാണ്.
മുഴുവന്‍ കുട്ടികളുടേയും ആരോഗ്യപരിപാലനത്തില്‍ അവരറിയാതെ തന്നെ പങ്കാളികളാകുന്നത് സാമൂഹ്യ സേവനവുമാകുകയാണ്. സ്കൂളിലെ പ്രകൃതിപാഠം ഉള്‍ക്കൊണ്ട കുട്ടികള്‍ വീടുകളിലും പൂക്കളും പച്ചക്കറികളും നട്ടുവളര്‍ത്താന്‍ ഉത്സുകരാകുന്നതായി അധ്യാപകര്‍ പറയുന്നു. സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ നിര്‍മല്‍ മരിയയും മറ്റ് അധ്യാപകരും അനധ്യാപകരും കുട്ടികള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി ഒപ്പമുണ്ട്.