അന്നപൂർണയുടെ സ്വാദറിഞ്ഞ് വീണ്ടും സ്റ്റാലിൻ
1486315
Thursday, December 12, 2024 1:02 AM IST
തൃപ്പൂണിത്തുറ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കഴിഞ്ഞ വർഷം കേരള സന്ദർശനത്തിനെത്തിയപ്പോഴുള്ള പതിവ് ഇക്കുറിയും തെറ്റിച്ചില്ല. ഇത്തവണയും അന്നപൂർണ ഹോട്ടലിലെത്തി അദ്ദേഹം ഭക്ഷണം കഴിച്ചു.
ഇന്നലെ രാവിലെ വൈക്കത്തെ തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായി പോകുന്ന വഴിക്കാണ് എം.കെ. സ്റ്റാലിൻ തമിഴ്നാട് സ്വദേശി മുത്തുവിന്റെ ഉടമസ്ഥതയിലുള്ള തെക്കൻ പറവൂരിലെ അന്നപൂർണ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. ഇത്തവണ അദ്ദേഹം ചായയുടെ കൂടെ ഇഡ്ഡലി, വട, പഴംപൊരി എന്നിവയെല്ലാം രുചിച്ചു.
തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകൻ, എ.വി.വേലു, എം.പി. സ്വാമിനാഥൻ എന്നിവരും കൂടെയുണ്ടായിരുന്നു. രാവിലെ തന്നെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ ഹോട്ടലിലെത്തി ഭക്ഷണം പരിശോധിക്കുകയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു.
ഭക്ഷണം കഴിച്ച് വളരെ സന്തോഷത്തോടെയാണ് അദ്ദേഹം ഹോട്ടലിൽ നിന്ന് മടങ്ങിയതെന്ന് മുത്തു പറഞ്ഞു.
കഴിഞ്ഞവർഷം ഏപ്രിലിൽ വൈക്കത്തെ ചടങ്ങു കഴിഞ്ഞ് കൊച്ചി എയർപോർട്ടിലേക്ക് പോകുന്ന വഴി അന്നപൂർണ ഹോട്ടലിൽ കയറിയ സ്റ്റാലിൻ അന്ന് മസാലദോശ കഴിച്ചിരുന്നു.