കാറ്റും മഴയും; നൂറുകണക്കിന് വാഴകള്‍ നശിച്ചു
1486332
Thursday, December 12, 2024 1:30 AM IST
പോത്താനിക്കാട്: കിഴക്കന്‍ മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും നൂറുകണക്കിന് കുലച്ച വാഴകള്‍ നശിച്ചു. പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ തെക്കേപുന്നമറ്റത്ത് പുള്ളോലില്‍ ജേക്കബിന്റെ 120 ഏത്ത വാഴകളാണ് കാറ്റില്‍ നിലംപൊത്തിയത്.
കര്‍ഷകരായ ജാക്സണ്, ടിജു എന്നിവരുടെ 350ഓളം കുലച്ച വാഴകളും പൂര്‍ണമായും നശിച്ചു. പോത്താനിക്കാട് പഞ്ചായത്തിലെ ഈ യുവകര്‍ഷകര്‍ പാട്ടത്തിനെടുത്ത് ചെയ്ത കൃഷിയാണ് നശിച്ചത്. പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിനു സമീപം പാട്ടത്തിനെടുത്ത സ്ഥലത്ത് ആയിരത്തോളം കുള്ളന്‍ ഇനത്തില്‍പ്പെട്ട വാഴകളാണ് കൃഷി ചെയ്തിരുന്നത്. രണ്ടാഴ്ചക്കുള്ളില്‍ മൂത്ത് പാകമാകുമായിരുന്ന 350 കുലകളാണ് കാറ്റിൽ ഒടിഞ്ഞുവീണത്.
പോള്‍ വര്‍ഗീസിന്റെ നൂറോളം വാഴകളും കാറ്റില്‍ നശിച്ചിട്ടുണ്ട്. പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വര്‍ഗീസ്, കൃഷി ഓഫീസര്‍ കെ.എസ്. സണ്ണി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി. കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.