മന്ത്രി ഇടപെട്ടു; സബ് ജയിൽ റോഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ നിർദേശം
1486027
Wednesday, December 11, 2024 3:37 AM IST
ആലുവ : ആലുവ-മൂന്നാർ റോഡിൽ ആലുവ ടൗൺ പോലീസ് സ്റ്റേഷൻ മുതൽ ട്രാഫിക് സ്റ്റേഷൻ വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലുമായി വിവിധ കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത് എടുത്തു മാറ്റാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശം.
താലൂക്ക് വികസന സമിതിയംഗം പ്രിൻസ് വെള്ളറയ്ക്കൽ മന്ത്രിക്കു ഇ-മെയിലായി നൽകിയ നിവേദനത്തെ തുടർന്നാണ് ഈ നിർദേശം. പോലീസും ട്രാഫിക് പോലീസും പിടികൂടുന്ന ബസ്, ലോറി അടക്കമുള്ള വാഹനങ്ങൾ സബ് ജയിൽ റോഡിലാണ് പാർക്ക് ചെയ്യുന്നത്. റോഡിന്റെ ഒരു വശത്ത് ഇരട്ടി വീതിയിൽ പൊതുമരാമത്ത് വകുപ്പ് ഉയരത്തിൽ നടപ്പാത പണിതതോടെയാണ് വാഹനയാത്രക്കാർക്ക് ദുരിതമായത്. കാൽനടപ്പാത വാഹനങ്ങളുടെ മറ കാരണം ആരും ഉപയോഗിക്കുന്നുമില്ല. ഇരുചക്ര വാഹനങ്ങൾ അടക്കമുള്ള വാഹനങ്ങൾക്ക് ഈ മേഖലയിലൂടെ സഞ്ചരിക്കുവാൻ ബുദ്ധിമുട്ടുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വാഹനം ഓടിക്കുന്നവരുടെ കാഴ്ച മറക്കുന്ന തരത്തിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ നിയമ നടപടികൾ അടിയന്തിരമായി പൂർത്തികരിച്ചു മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന രണ്ട് പൊതുമരാമത്ത് ഓഫീസുകൾക്ക് ഏക്കർകണക്കിന് സ്ഥലം കൈവശമുണ്ട്. കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യണമെന്നാണ് നാട്ടുകാരും പറയുന്നത്.