മൂവാറ്റുപുഴ നഗരസഭാ കേരളോത്സവം 14 നും 15 നും
1485730
Tuesday, December 10, 2024 4:07 AM IST
മൂവാറ്റുപുഴ : സംസ്ഥാന യുവജന ക്ഷേമ ബോർഡും മൂവാറ്റുപുഴ നഗരസഭയും ജില്ലാ യുവജനകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 14നും 15നും നടക്കും.
നഗരസഭാ ഹാൾ, നഗരസഭ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. കളരിപ്പയറ്റ്, ഗെയിംസ്, ലളിതഗാനം, പ്രസംഗം (മലയാളം), നെടുവടി, നീന്തൽ, കഥാ പ്രസംഗം, വോളിബോൾ, ഷട്ടിൽ ബാഡ്മിന്റണ്‍ സിംഗിൾസ്, ഡബിൾ, ഫുട്ബോൾ, മാപ്പിളപ്പാട്ട്, കവിതാലാപനം, സംഘഗാനം, ക്വിസ്, കളിമണ്‍ ശിൽപ നിർമാണം, ബാസ്ക്കറ്റ് ബോൾ, ദേശഭക്തി ഗാനം, ഫ്ളവർ അറേഞ്ച്മെന്റ്, ട്വന്റി-ട്വന്റി ക്രിക്കറ്റ്, നാടോടി നൃത്തം, കബടി, കഥകളി, കോൽക്കളി, വളളം കളിപ്പാട്ട് (കുട്ടനാടൻ ശൈലി), വയലിൻ (പൗരസ്ത്യം), വയലിൻ (പ്രാശ്ചാത്യം), വളളംകളിപ്പാട്ട് (ആറൻമുള ശൈലി), ഓട്ടം, ആർച്ചറി, പഞ്ചഗുസ്തി, ഷോട്ട്പുട്ട്, ഡിസ്ക്കസ് ത്രോ, ജാവലിൻ, കാർട്ടൂണ്‍, മിമിക്രി തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.
യുവജന ക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബുകളുടെ പ്രതിനിധികൾക്കും അതാത് പ്രദേശത്തെ വാർഡ് കലാ കായിക സമിതികൾ നാമനിർദേശം ചെയ്യുന്ന അംഗങ്ങൾക്കും നഗരസഭാ പ്രദേശത്തെ സ്കൂൾ, കോളജ് വിദ്യാർഥികളിൽ നഗരസഭാ പ്രദേശത്ത് സ്ഥിരതാമസമുള്ളവർക്കും പങ്കെടുക്കാം.
2024 ഡിസംബർ ഒന്നിന് 15 വയസ് തികഞ്ഞവരും 40 വയസ് കവിയാത്തവരുമായവർക്കു മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതയുള്ളൂ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 12ന് വൈകുന്നേരം അഞ്ചിന് മുന്‍പ് പേര് രജിസ്റ്റർ ചെയ്യണം. നിബന്ധനകൾക്കും കൂടുതൽ വിവരങ്ങൾക്കും നഗരസഭ ഓഫീസുമായി ബന്ധപ്പെടണമെന്ന് നഗരസഭാധ്യക്ഷൻ പി.പി എൽദോസ് അറിയിച്ചു.