അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം
1486324
Thursday, December 12, 2024 1:30 AM IST
പറവൂർ: മാതാവിനെ കിടപ്പുമുറിയിൽവച്ച് വാക്കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം തടവ്. തൃക്കാരിയൂർ നാഗഞ്ചേരി കല്ലുങ്ങപ്പറമ്പിൽ അനിൽകുമാറി(34)നെയാണ് പറവൂർ രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി. ജ്യോതി ശിക്ഷിച്ചത്. രണ്ടു ലക്ഷം രൂപ പിഴയുമൊടുക്കണം. ഇല്ലെങ്കിൽ ആറ് മാസത്തെ അധിക തടവ് അനുഭവിക്കണം.
2019 ആഗസ്റ്റ് 24ന് രാത്രിയാണ് മാതാവ് കാർത്യായനി(61)യെ ഇയാൾ കൊലപ്പെടുത്തിയത്. താമസിക്കുന്ന സ്ഥലവും വീടും പേരിൽ എഴുതി കൊടുക്കാനായി പ്രതി അമ്മക്കു മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇത് സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് കൊലയിൽ കലാശിച്ചത്.
കൊലപാതകത്തിന് ശേഷം അയൽവീടുകളിൽ എത്തി അമ്മയെ കൊലപ്പെടുത്തിയ വിവരം പറഞ്ഞ പ്രതി കൊലപ്പെടുത്താൻ ഉപയോഗിച്ച വാക്കത്തിയും രക്തം പുരണ്ട വസ്ത്രങ്ങളുമായി കോട്ടപ്പടി പൊലീസ് സ്റ്റേഷനിൽ സ്വമേധയാ ഹാജരാവുകയായിരുന്നു. എന്നാൽ വിചാരണ വേളയിൽ ഇയാൾ കുറ്റം നിഷേധിച്ചു. പ്രതിയുടെ സഹോദരി അടക്കം 30 സാക്ഷികളെ കോടതി വിസ്തരിച്ചു. കോട്ടപ്പടി എസ്ഐ എം.എം. അബ്ദുൾ റഹ്മാൻ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസീക്യൂട്ടർ എം.ബി. ഷാജി ഹാജരായി.