കുടിവെള്ള പൈപ്പ് പൊട്ടി കുഴികൾ രൂപപ്പെട്ടത് വാഹനയാത്രികർക്ക് ഭീഷണി
1486011
Wednesday, December 11, 2024 3:37 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ - പിറവം റോഡിൽ വട്ടകുടി വളവിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി കുഴികൾ രൂപപ്പെട്ടത് വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു.
ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലാണ് ജല അഥോറിറ്റിയുടെ പൈപ്പ് തകർന്ന് കുഴി രൂപപ്പെട്ടിരിക്കുന്നത്. പിറവം ഭാഗത്തുനിന്ന് വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവായിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായും കുഴിയിൽ വീഴുന്നത്.
പിറവം - മൂവാറ്റുപുഴ റോഡിലെ മൂവാറ്റുപുഴ 130 ജംഗ്ഷൻ മുതൽ മാറാടി പഞ്ചായത്തുപടി വരെ തകർന്നുകിടന്ന റോഡ് രണ്ടാഴ്ച മുന്പാണ് താൽക്കാലികമായി കുഴികൾ അടച്ച് അറ്റകുറ്റപ്പണികൾ നടത്തിയത്. ഇതിന് പിന്നാലെയാണ് ജല അഥോറിറ്റിയുടെ പൈപ്പ് തകർന്ന് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത്. സ്ത്രീകൾ അടക്കമുള്ള ഇരുചക്ര വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലാണ് ജല അഥോറിറ്റിയുടെ അപകടണക്കെണി പതിയിരിക്കുന്നത്. അധികാരികൾ റോഡിലെ കുഴികൾ നികത്തി അപകടം ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.