പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ടീച്ചേഴ്സ് ഗിൽഡ് പ്രതിഷേധം
1486030
Wednesday, December 11, 2024 3:38 AM IST
കൊച്ചി: ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്, എറണാകുളം-അങ്കമാലി അതിരൂപത സമിതി പ്രതിഷേധ ദിനാചരണം നടത്തി.
അതിരൂപതാതല ഉദ്ഘാടനം തൃക്കാക്കര കാർഡിനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡയറക്ടർ ഫാ. തോമസ് നങ്ങേലിമാലിൽ ഉദ്ഘാടനം ചെയ്തു. പതിനായിരക്കണക്കിന് അധ്യാപക തസ്തികകൾ എയ്ഡഡ് മേഖലയിൽ അംഗീകാരമില്ലാതെ കിടക്കുമ്പോൾ നിയമന അംഗീകാരം ലഭിച്ച അധ്യാപകരുടെ ജോലി സ്ഥിരതയില്ലാതാക്കുന്ന വിധത്തിലുള്ള ഈ സർക്കുലർ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള സർക്കാരിന്റെ ആസൂത്രിത ശ്രമമാണെന്ന് ടീച്ചേഴ്സ് ഗിൽഡ് ചൂണ്ടിക്കാട്ടി.
ആവശ്യത്തിന് ഭിന്നശേഷി ഉദ്യോഗാർഥികൾ ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ പകരം സംവിധാനം ഒരുക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടുകയാണ്. അധ്യാപക നിയമനങ്ങൾ അംഗീകരിക്കാതെയും അംഗീകരിച്ച നിയമനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകാതെയും നീട്ടിക്കൊണ്ടുപോകുന്നത് ഇനി അംഗീകരിക്കാനാവില്ല. എയ്ഡഡ് വിദ്യാഭ്യാസമേഖലയെ തകർക്കുന്ന, സ്ഥിരാധ്യാപക നിയമനാംഗീകാരം കാത്തിരിക്കുന്ന അധ്യാപകരുടെ പ്രതീക്ഷകളെ തകർക്കുന്ന സ്ഥിരനിയമന നിരോധന ഉത്തരവ് പിൻവലിക്കുന്നതുവരെ ശക്തമായ പ്രതിഷേധസമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഗിൽഡ് ഭാരവാഹികൾ പറഞ്ഞു.
അതിരൂപത പ്രസിഡന്റ് ജീബ പൗലോസ്, പ്രിൻസിപ്പൽ ടി. തോമസ്, പ്രധാനാധ്യാപകൻ ബിജു കെ. സൈമൺ, ഫാ. എബി ഇടശേരി എന്നിവർ പ്രസംഗിച്ചു. അതിരൂപതയിലെ വിദ്യാലയങ്ങളിൽ അധ്യാപകർ കറുത്ത റിബണും ബാഡ്ജും ധരിച്ച് പ്രതിഷേധ ദിനാചരണത്തിൽ പങ്കെടുത്തു.