ബാംബൂ ഫെസ്റ്റ് ഇന്ന് സമാപിക്കും
1486321
Thursday, December 12, 2024 1:30 AM IST
കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 21-ാമത് ബാംബൂ ഫെസ്റ്റ് ഇന്ന് സമാപിക്കും. കഴിഞ്ഞ ഏഴിന് ആരംഭിച്ച മേളയില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. 5,000 മുതല്‍ 10,000 നും ഇടയിൽ ആളുകള്‍ ദിനംപ്രതി മേളയിലെത്തിയെന്നാണ് ഏകദേശ കണക്ക്. 180 സ്റ്റാളുകളിലായി കേരളത്തില്‍ നിന്നും 300ഉം, 10 ഇതര സംസ്ഥാനങ്ങളില്‍ നിന്നായി 50 ഓളം മുള കരകൗശല പ്രവര്‍ത്തകരും, മുള അനുബന്ധ സ്ഥാപനങ്ങളുമാണ് ബാംബൂ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. ഭൂട്ടാനില്‍ നിന്നുള്ളവരുടെ പങ്കാളിത്തം രാജ്യാന്തര തലത്തിലേക്ക് കൂടി മേളയെ എത്തിക്കാനായി.
സംസ്ഥാന ബാംബൂ മിഷന് സംഘടിപ്പിച്ച ഡിസൈന്‍ വര്‍ക്ക്ഷോപ്പിലും പരിശീലന പരിപാടികളിലും രൂപകല്പന ചെയ്ത വിവിധ ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ക്രിസ്മസ് അടുത്തതിനാല്‍ അതിനോടനുബന്ധിച്ച അലങ്കാര വസ്തുക്കള്‍ക്കും മുളകൊണ്ടുള്ള പുഷ്പങ്ങള്‍ക്കും ആദ്യ ദിവസം മുതൽ തന്നെ ആവശ്യക്കാര്‍ ഏറെയായിരുന്നു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുള ഉത്പന്നങ്ങളും വന്‍ തോതില്‍ വിറ്റഴിക്കാനായി. വിദേശത്തു നിന്നെത്തിയവരും ഇത്തവണത്തെ മേളയില്‍ നിന്ന് ഒരുമിച്ച് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ നിന്ന് മാത്രം 50ലധികം ആളുകളാണ് മേളയുടെ ഭാഗമായത്.
മുളകൊണ്ട് നിര്‍മിച്ച അടുക്കള ഉപകരണങ്ങള്‍, അലങ്കാര വസ്തുക്കള്‍, പെയിന്റിംഗ്, വുഡന്‍ ക്രാഫ്റ്റ്, ആഭരണങ്ങള്‍ എന്നിവ മേളയെ ആകര്‍ഷണീയമാക്കി. ഇവയൊക്കെ തന്നെയും ആദ്യ ദിവസം മേളയില്‍ വിറ്റുപോയി. രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.