മൂന്നംഗ "കവർച്ചാ' സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി റൂറൽ പോലീസ്
1486025
Wednesday, December 11, 2024 3:37 AM IST
ആലുവ: നഗരത്തിൽ "വൻ കവർച്ച' നടത്തി മൂന്നുവഴിക്കായി ബൈക്കുകളിൽ രക്ഷപ്പെട്ട മൂന്നംഗ സംഗത്തെ അതിസാഹസികമായി പിന്തുടർന്ന് പിടികൂടി റൂറൽ ജില്ലാ പോലീസ് സംഘം. ഇന്നലെ നടന്ന പോലീസ് മോക് ഡ്രില്ലിലാണ് കള്ളനെ കീഴടക്കൽ നടന്നത്.
കവർച്ച നടന്നയുടൻ റൂറൽ ജില്ലയിലെ 34 പോലീസ് സ്റ്റേഷനുകളിലേക്കും വയർലെസ് സന്ദേശങ്ങൾ പാഞ്ഞു. മോഷ്ടാക്കൾ ജില്ലാ അതിർത്തി കടക്കാതിരിക്കാൻ പോലീസിന്റെ ജാഗ്രതാ നിർദേശം. വഴികളിൽ കർശന നിരീക്ഷണം. പോലീസിന്റെ കണ്ണിൽപ്പെടാതെ ഒരു വാഹനവും കടന്നു പോയില്ല. ഒരാളെ പറവൂരിൽ നിന്നും മറ്റൊരാളെ പുത്തൻവേലിക്കരയിൽ നിന്നും മൂന്നാമനെ നെടുമ്പാശേരിയിൽ നിന്നും പിടികൂടിയതോടെ എങ്ങും അഭിനന്ദന പ്രവാഹം. റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടന്ന മോക് ഡ്രില്ലിന്റെ വിജയകരമായ പരിസമാപ്തിയായിരുന്നു അത്.
ഒരു സംഭവത്തിന് ശേഷം എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടുന്നതിനെ സംബന്ധിച്ചാണ് മോക്ഡ്രിൽ അരങ്ങേറിയത്. ആലുവ ഡിവൈഎസ്പി ടി.ആർ. രാജേഷ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വി.എസ്. നവാസ് എന്നിവർ നേതൃത്വം നൽകി. സബ്ഡിവിഷൻ ഡിവൈഎസ്പിമാർ, 34 സ്റ്റേഷനിലേയും ഇൻസ്പെക്ടർമാർ, മറ്റ് പോലീസുദ്യോഗസ്ഥർ എന്നിവർ മോക്ഡ്രില്ലിൽ പങ്കാളികളായി.