കൂറ്റൻ യന്ത്രഭാഗവുമായെത്തിയ ട്രെയിലർ ലോറി റോഡിൽ കുടുങ്ങി; ഗതാഗതം തടസപ്പെട്ടു
1486021
Wednesday, December 11, 2024 3:37 AM IST
പോത്താനിക്കാട്: നിർമാണം നടന്നുകൊണ്ടിരിക്കുന്ന പ്ലൈവുഡ് കന്പനിയിലേക്ക് കൂറ്റൻ യന്ത്ര ഭാഗങ്ങളുമായി എത്തിയ ട്രെയിലർ ലോറി റോഡിൽ കുടുങ്ങിയത് പ്രദേശവാസികൾക്ക് ദുരിതമായി. ഇന്നലെ പുലർച്ചെ നാലോടെയാണ് പറന്പഞ്ചേരി- വെട്ടിത്തറ റോഡിൽ അന്പത്തിയാക്കേറിനു സമീപം ട്രെയിലർ ലോറി കുടുങ്ങിയത്.
ഈ പ്രദേശത്ത് പതിനെട്ടോളം പ്ലൈവുഡ് കന്പനികൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇവിടങ്ങളിലേക്കുള്ള ഭാരവാഹനങ്ങളുടെ സഞ്ചാരം മൂലം റോഡ് പൂർണമായും തകർന്ന അവസ്ഥയിലാണ്. റോഡ് അറ്റകുറ്റപണികൾ നടത്താൻ പഞ്ചായത്ത് അധികൃതരോ പ്ലൈവുഡ് കന്പനി ഉടമസ്ഥരോ തയാറാകാത്തതിനാൽ കഴിഞ്ഞ മാസം ഇവിടേക്ക് യന്ത്രങ്ങളുമായെത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞിരുന്നു.
തുടർന്ന് പഞ്ചായത്തധികൃതരുമായി നടത്തിയ ചർച്ചയിൽ റോഡ് അറ്റകുറ്റപണികൾ നടത്തിയ ശേഷമേ വലിയ വാഹനങ്ങളിൽ യന്ത്രഭാഗങ്ങൾ എത്തിക്കുകയുള്ളൂ എന്ന് കന്പനി ഉടമകൾ നൽകിയ ഉറപ്പിൽ നാട്ടുകാർ അന്ന് കടത്തിവിട്ടു. എന്നാൽ ആ ഉറപ്പ് തെറ്റിച്ച് ഇന്നലെ വെളുപ്പിന് നാലോടെ വീണ്ടും വലിയ ട്രെയിലറിൽ യന്ത്രഭാഗങ്ങൾ എത്തിക്കുകയായിരുന്നു. നാല് ക്രെയിനുകളുടെയും മണ്ണുമാന്തിയന്ത്രത്തിന്റെയും സഹായത്തോടെ ട്രെയിലർ വലിച്ചു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും റോഡിലെ കയറ്റത്തിൽ ലോറി കുടുങ്ങുകയായിരുന്നു.
മണലോടിപുത്തൻപുര സാബുവിന്റെ വീടിന്റെ ചുറ്റുമതിൽ തകർത്ത് റോഡിൽ താഴ്ന്ന നിലയിലാണ് ട്രെയിലർ ഉള്ളത്. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. കൂടുതൽ വലിയ ക്രെയിനുകൾ എത്തിച്ച് ട്രെയിലർ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് കന്പനിയുടമകൾ. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡ് പൂർണമായി തകർത്തിട്ടും കന്പനികൾക്കെതിരെ നടപടി എടുക്കാനോ അനധികൃത നിർമാണങ്ങൾ തടയാനോ റോഡ് അറ്റകുറ്റപണികൾ നടത്താനോ അധികൃതർ തയാറാകാത്തത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.