അയോഗ്യയാക്കിയ മുൻ അധ്യക്ഷയെച്ചൊല്ലി തൃക്കാക്കര നഗരസഭയിൽ പോര്
1486042
Wednesday, December 11, 2024 3:38 AM IST
കാക്കനാട്: അയോഗ്യയാക്കിയ മുൻ അധ്യക്ഷയെച്ചൊല്ലി തൃക്കാക്കര നഗരസഭാ കൗൺസിലിൽ ഇന്നലെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോര്. കെന്നഡിമുക്ക് (43) ഡിവിഷനിൽ നിന്നുള്ള യുഡിഎഫ് കൗൺസിലറും മുൻ നഗരസഭാധ്യക്ഷയുമായ അജിതാ തങ്കപ്പൻ തുടർച്ചയായി കൗൺസിൽ യോഗങ്ങളിലും അവർ അംഗമായ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതിയിലും പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് അയോഗ്യയാക്കപ്പെട്ടത്.
ചട്ടപ്രകാരം നഗരസഭാ കൗൺസിലിൽ അയോഗ്യയാക്കപ്പെട്ട വിവരം റിപ്പോർട്ടുചെയ്ത ശേഷം പിന്നീട് ചേരുന്ന നഗരസഭാ കൗൺസിലിൽ ഇവരെ തിരിച്ചെടുക്കുകയെന്നതാണ് നടപടി. എന്നാൽ അതിനു വിരുദ്ധമായി ഇന്നലെ ചേർന്ന നഗരസഭാ കൗൺസിലിൽവച്ചു തന്നെ അജിതാ തങ്കപ്പനെ തിരികെയെടുക്കണമെന്ന നിലപാടിൽ യുഡിഎഫ് അംഗങ്ങൾ ഉറച്ചുനിന്നതോടെ പ്രതിപക്ഷ കൗൺസിലർമാരും സ്വതന്ത്ര കൗൺസിലർമാരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
അയോഗ്യതാ വിവരം കൗൺസിലിൽ റിപ്പോർട്ടു ചെയ്ത ശേഷം അടുത്ത കൗൺസിലിൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്നതാണ് ചട്ടമെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞെങ്കിലും യുഡിഎഫ് അംഗങ്ങൾ സമ്മതിച്ചില്ല.
തുടർന്ന് അജിതയെ തിരിച്ചെടുത്തതായി പ്രഖ്യാപിച്ച് യുഡിഎഫ് കൗൺസിലർമാർ പിരിയുകയും ചെയ്തു. അതേസമയം അയോഗ്യതാ വിവരം റിപ്പോർട്ടു ചെയ്ത ദിവസം തന്നെ കൗൺസിലറെ തിരിച്ചെടുത്തതായി ചൂണ്ടിക്കാട്ടി തങ്ങൾ കോടതിയെ സമീപിച്ചാൽ അജിതാ തങ്കപ്പന്റെ അയോഗ്യതയിൽ പരിഹാരം കാണാൻ വീണ്ടും കാലതാമസം വരുമെന്നാണ് പ്രതിപക്ഷ വാദം.