36 കിലോ കഞ്ചാവുമായി ബംഗാളികള്‍ അറസ്റ്റിൽ
1486325
Thursday, December 12, 2024 1:30 AM IST
കൊച്ചി: പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് വില്‍പ്പനയ്ക്കായി എത്തിച്ച 36 കിലോ കഞ്ചാവുമായി നാല് ബംഗാള്‍ സ്വദേശികളെ എക്സൈസ് പിടികൂടി. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ടാക്സി സ്റ്റാൻഡില്‍ നിന്നാണ് സമിന് ഷെയ്ക്ക്, മിഥുന്, സജീബ് മണ്ഡല്, ഹബീബുല്‍ റഹ്മാന് എന്നിവരെ പിടികൂടിയത്. മൂന്നു ട്രോളി ബാഗുകളില്‍ ഓരോ കിലോ വീതമുള്ള 12 പായ്ക്കറ്റുകളാണ് സൂക്ഷിച്ചിരുന്നത്. കഞ്ചാവിന്റെ രൂക്ഷഗന്ധം അറിയാതിരിക്കാന്‍ സെല്ലോ ടേപ്പ് ഉപയോഗിച്ച് ചുറ്റിക്കെട്ടിയാണ് ബാഗുകള്‍ അടുക്കിവച്ചിരുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയില്‍ 35 ലക്ഷം രൂപ വില വരും.
എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ടി.എം. മജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ശ്രീരാജിന്റെ നിര്‍ദേശാനുസരണം ഇന്‍സ്പെക്ടര്‍ കെ.പി. പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ഓര്‍ഡര്‍ പ്രകാരം ഒഡീഷയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിന്‍ മാര്‍ഗം ട്രോളി ബാഗുകളിലായി കടത്തിക്കൊണ്ടുവന്ന് കേരളത്തില്‍ മൊത്തമായി കച്ചവടം നടത്തി അടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങിപ്പോകുന്നവരാണ് പിടിയാലായ സംഘം. ഇതര സംസ്ഥാന തൊഴിലാളികളെ കൂടാതെ ചില മലയാളികളും ഇവരുടെ ബിസിനസില്‍ പങ്കാളികളായുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടത്തിവരുന്നതായും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ശ്രീരാജ് അറിയിച്ചു.
പിടിയിലായ പ്രതികളെല്ലാം ലഹരി കച്ചവടം തൊഴിലാക്കി ജീവിച്ചു പോരുന്നവരാണ്. ഒരാഴ്ച മുമ്പ് സമാനരീതിയില്‍ ഏഴ് കിലോ കഞ്ചാവ് അങ്കമാലി അത്താണിയില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന അസം സ്വദേശികളായ രണ്ട് പേരെ അറസ്റ്റു ചെയ്തിരുന്നു.
കഞ്ചാവുമായി യുവാവ് പിടിയിൽ
പെരുമ്പാവൂർ: മൂന്നര കിലോ കഞ്ചാവുമായി യുവാവിനെ പെരുന്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങോല അല്ലപ്ര ആകാശവാണി ഭാഗത്ത് ചിറക്കക്കുടി ഹസൻ (38) നെയാണ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീടിന്റെ വർക്ക് ഏരിയയിൽ രണ്ടു പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 3.690 കിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. കഞ്ചാവ് തൂക്കുന്നതിന് ഉപയോഗിക്കുന്ന ത്രാസും പിടികൂടി.
ഒഡീഷയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് പ്രതി ചെറിയ പൊതികളിലാക്കി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വിറ്റിരുന്നത്. സർക്കാർ ജീവനക്കാരെ ആക്രമിച്ചത് ഉൾപ്പെടെ നിരവധി ക്രമിനൽകേസുകളിൽ പ്രതിയാണിയാൾ. സിഐ ടി.എം. സൂഫി, എസ്ഐമാരായ റിൻസ് എം. തോമസ്, പി.എം. റാസിക് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.