ബാംബൂ ഫെസ്റ്റിൽ ക്രിസ്മസ് തിളക്കം
1486041
Wednesday, December 11, 2024 3:38 AM IST
കൊച്ചി: മുളയിലും ചണത്തിലും തീര്‍ത്ത നക്ഷത്രങ്ങള്‍, പുല്‍ക്കൂട് തുടങ്ങി ക്രിസ്മസിനെ വരവേല്‍ക്കാനുള്ള നിരവധി ഉത്പന്നങ്ങളുമായി മറൈന്‍ഡ്രൈവില്‍ നടക്കുന്ന 21-ാമത് ബാംബൂ ഫെസ്റ്റ് ശ്രദ്ധേയമാകുന്നു.
ഫെസ്റ്റിലെത്തുന്നവരുടെ പ്രധാന ആകർഷണം ക്രിസ്മസ് നക്ഷത്രങ്ങളും വിളക്കുകളുമാണ്. വയനാട് മേപ്പാടിയില്‍ നിന്നുള്ള ഗ്ലോബല്‍ ബാംബൂ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ചണം കൊണ്ട് നിര്‍മിച്ച നക്ഷത്രങ്ങള്‍ എത്തിച്ചിട്ടുള്ളത്. ഒരു ദിവസം ഒരാള്‍ക്ക് പരമാവധി രണ്ടെണ്ണം മാത്രമേ നിര്‍മിക്കാന്‍ കഴിയൂവെന്ന് ജീവനക്കാര്‍ പറയുന്നു. വില 1000 രൂപയാണ്. ജൂട്ട് കൊണ്ട് നിര്‍മിച്ച പൂക്കളും ഫെസ്റ്റിലുണ്ട്.
മുള ഉപയോഗിച്ച് മാത്രം നിര്‍മിച്ച നക്ഷത്രങ്ങളും സ്റ്റാളുകളിലുണ്ട്. ഓയില്‍ പേപ്പറും തുണിയും ഉപയോഗിച്ച് മുളകൊണ്ട് നിര്‍മിച്ച നക്ഷത്രങ്ങള്‍ക്ക് വലുപ്പത്തിനനുസരിച്ച് 1000 രൂപ മുതല്‍ 3000 രൂപ വരെ വില വരും. മുളകൊണ്ട് മാത്രം നിര്‍മിച്ച നക്ഷത്രങ്ങള്‍ക്ക് വില കൂടുതലാണെങ്കിലും ആവശ്യക്കാര്‍ ഏറെയാണ്. ചൂരല്‍ കൊണ്ടുള്ള നക്ഷത്രങ്ങള്‍ക്ക് 600 മുതല്‍ 2000 രൂപ വരെയാണ് വില. ചൂരൽ കൊണ്ടുള്ള ക്രിസ്മസ് ട്രീയുമുണ്ട്. 250 മുതലാണ് വില. രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രവേശനം. പ്രവേശനം സൗജന്യമാണ്. ഫെസ്റ്റ് 12ന് സമാപിക്കും.