ഫ്ലാറ്റ് സമുച്ചയത്തിൽ 70ഓളം പേർക്ക് വയറിളക്കവും ചർദ്ദിയും
1485732
Tuesday, December 10, 2024 4:07 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ പത്താം ഡിവിഷനിലുള്ള സ്വകാര്യ ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന നാൽപ്പതിലേറെ താമസക്കാർ ചർദ്ദിയും വയറിളക്കവും മൂലം വിവിധ ആശുപത്രികളിൽ ചികിൽസ തേടി. കുടിവെള്ളത്തിൽ നിന്നുള്ള ബാക്ടീരിയ മൂലമാണ് താമസക്കാർക്കിടയിൽ രോഗം പടർന്നതെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ കണ്ടെത്തൽ.
മാനദണ്ഡങ്ങൾ പാലിക്കാതെ ഫ്ലാറ്റ് സമുച്ചയത്തിൽ ഒട്ടേറെ കിണറുകൾ നിർമിച്ചിട്ടുണ്ടെന്നും ഇവയെല്ലാം സെപ്റ്റേജ് മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഇടങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളതെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കാക്കനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ മേഘനരാജ്, ഹെൽത്ത് ഇൻസ്പെക്ടർ ശശി, പത്മരാജ്, ആശാപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഫ്ലാറ്റിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.
72 പേരിൽ 20ലേറെപ്പേർ അടിയന്തര ചികിത്സ തേടിയതായി ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു. ഫ്ലാറ്റിലെ കുടിവെള്ളക്കിണറുകളിൽനിന്നും വാട്ടർ അഥോറിട്ടിയുടെ പൈപ്പുകളിൽനിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.