തൃക്കാക്കര നഗരസഭയിൽ അഞ്ചു കൗൺസിലർമാർക്കുകൂടി അയോഗ്യതാ നോട്ടീസ് നൽകും
1486316
Thursday, December 12, 2024 1:02 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭയിൽ തുടർച്ചയായി കൗൺസിൽ യോഗങ്ങളിൽ ഹാജരാകാതിരുന്ന അഞ്ചു കൗൺസിർമാർക്കു കൂടി അയോഗ്യതാ നോട്ടീസ് നൽകുമെന്ന് മുനിസിപ്പൽ സെക്രട്ടറി. മുൻ നഗരസഭാധ്യക്ഷ അജിതാ തങ്കപ്പനെ അയോഗ്യയാക്കാൻ മുൻസിപ്പൽ സെക്രട്ടറി നേരത്തെ നോട്ടീസ് നൽകിയരുന്നു.
പ്രതിപക്ഷത്തുള്ള എൽഡിഎഫ് അംഗങ്ങളുടെ പരാതിയിലാണ് അജിത തങ്കപ്പന് നോട്ടീസ് നൽകിയത്. ഇതേത്തുടർന്ന് തുടർച്ചയായി കൗൺസിലിൽ ഹാജരാകാത്ത പ്രതിപക്ഷാംഗങ്ങൾ ഉണ്ടെന്നും അവർക്കെതിരേയും നടപടി വേണമെന്ന് ഭരണപക്ഷം വാശിപിടിക്കുകയായിരുന്നു.
ഇതേത്തുടർന്ന് തുടർച്ചയായി ഹാജരാകാതിരുന്ന ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള അഞ്ച് കൗൺസിലർമാർക്കു കൂട്ടി അയോഗ്യതാ നോട്ടീസ് നൽകാൻ മുനിസിപ്പൽ സെക്രട്ടറി തീരുമാനിക്കുകകായിരുന്നു.
മകനും ഭർതൃമാതാവും മരണപ്പെട്ടതിനെ തുടർന്നാണ് അജിതാ തങ്കപ്പൻ കൗൺസിൽ യോഗങ്ങളിൽ തുടർച്ചയായി ഹാജരാകാതിരുന്നത്. എന്നാൽ മുൻ നഗരസഭാധ്യക്ഷ കൂടിയായ അജിതാ തങ്കപ്പന്അയോഗ്യത നോട്ടീസ് നൽകാൻ സെക്രട്ടറിക്കു മേൽ പ്രതിപക്ഷ കൗൺസിലർമാർ സമ്മർദ്ദം ചെലുത്തിയെന്നും ഇതിനായി സിപിഎം പാർട്ടി പ്രവർത്തകനെ കൊണ്ട് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയെന്നുമാണ് യുഡിഎഫിന്റെ ആരോപണം.
ഇടതുമുന്നണിയിലെ ഉഷാ പ്രവീൺ, സുനി കൈലാസൻ, കെ.എക്സ്. സൈമൺ എന്നിവർ തുടർച്ചയായി ഹാജരാവുകയോ ഇക്കാര്യം കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയോ ചെയ്തില്ലെന്ന നിലപാടാണ് യുഡിഎഫിന്റേത്. മുനിസിപ്പൽ നിയമം എല്ലാവർക്കും ബാധകമാണ് അങ്ങനെയെങ്കിൽ ഇടതുമുന്നണിയിലെ ആരോപണ വിധേയരായ കൗൺസിലർമാർക്കും അയോഗ്യത കല്പിക്കണം എന്നാണ് യുഡിഎഫിന്റെ ആവശ്യം. ഇക്കാര്യം പരിശോധിച്ച നഗരസഭാ സെക്രട്ടറി കൗൺസിലിൽ തുടർച്ചയായി ഹാജരാകാത്ത അഞ്ചു പേരുടെ പേരിൽ അയോഗ്യതാ നോട്ടീസ് നൽകാൻ തീരുമാനിക്കുകയായിരുന്നു.
ഇതനുസരിച്ചാണ് ഉഷാ പ്രവീണിനും രജനീ ജീജനും അയോഗ്യത നോട്ടീസ് നൽകുന്നതെന്ന് മുനിസിപ്പൽ സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയും റവന്യൂ വരുമാനവുമുള്ള നഗരസഭയിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിലുള്ള പോരുകൾ മൂലം വാർഡ്തല വികസന പദ്ധതികൾ പോലും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്.