മൂന്നരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
1485741
Tuesday, December 10, 2024 4:07 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. മൂന്നര കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവമാണ് കൊച്ചി കസ്റ്റംസ് യൂണിറ്റ് പിടികൂടിയത്. ബാങ്കോക്കിൽനിന്നും തായ് എയർവേയ്സ് വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി ഉസ്മാനാണ് 12 കിലോ ഹൈബ്രിഡ് കഞ്ചാവ് ബാഗേജിനകത്ത് ഭക്ഷണ പാക്കറ്റുകളുടേയും മിഠായി പാക്കറ്റുകളുടേയും ഇടയിൽ ഒളിപ്പിച്ചത്.
ഏറെ വീര്യമുള്ള ഹൈബ്രിഡ് കഞ്ചാവിന് രാജ്യാന്തര വിപണിയിൽ വൻ ഡിമാൻഡാണ്. ഇയാളെ അറസ്റ്റ് ചെയ്ത് അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് കള്ളക്കടത്തു വർധിച്ചതോടെ വിമാനത്താവളത്തിൽ പരിശോധനകൾ കൂടുതൽ ഊർജിതമാക്കിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.
രണ്ടര മാസത്തിനിടെ പിടിച്ചത്
16 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി വൻതോതിൽ വീര്യം കൂടിയ കഞ്ചാവ് പറന്നെത്തുന്നു. തായ്ലൻഡിൽ നിന്നാണ് ഉഗ്രവീര്യമുള്ള ഹൈബ്രിഡ് കഞ്ചാവ് സ്ഥിരമായി കേരളത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ 16 കോടിയോളം രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. മുൻകൂട്ടിയുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടാനാകുന്നത്.
മൂന്നര കോടിയിലധികം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ കസ്റ്റംസ് പിടികൂടിയത്. കഴിഞ്ഞ മാസം 30 ന് കണ്ണൂർ ഡിആർഐ യുണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 2.38 കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. നവംബർ 15 ന് 7.5 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ബാങ്കോക്കിൽ നിന്നും എത്തിയ മൂന്ന് യാത്രക്കാരും നെടുമ്പാശേരിയിൽ പിടിയിലായി. സെപ്റ്റംബർ 30ന് രണ്ട് കോടി രൂപയുടെ കഞ്ചാവുമായി മറ്റൊരു യാത്രക്കാരനും ബാങ്കോക്കിൽ നിന്നും എത്തി പിടിയിലായിട്ടുണ്ട്.
ശീതീകരിച്ച മുറിയിൽ കൃത്രിമ വെളിച്ചത്തിൽ വളർത്തുന്ന ഉഗ്രശേഷിയുള്ള ലഹരി വസ്തുവാണ് ഹൈബ്രിഡ് കഞ്ചാവ്. പാകമായ ശേഷം മാരക രാസവസ്തുക്കളിൽ അഞ്ചോ ആറോ മാസം ഇട്ടുവച്ചാണ് ഹൈഡ്രോ കഞ്ചാവ് എന്ന് അറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവ് നിർമിക്കുന്നത്. സാധാരണ കഞ്ചാവിനെ അപേക്ഷിച്ച് പതിന്മടങ്ങ് വീര്യമുള്ള ഹൈബ്രിഡിന് ആവശ്യക്കാർ ഏറെയാണ്. മാത്രമല്ല ഇവിടെ എത്തിച്ച ശേഷം രാസപ്രവർത്തനത്തിലൂടെ കൂടുതൽ വീര്യമുള്ള മയക്കുമരുന്നാക്കി മാറ്റാനും സാധിക്കും.