ചെയര്‍മാനെതിരേ വീണ്ടും അവിശ്വാസവുമായി യുഡിഎഫ്
1486320
Thursday, December 12, 2024 1:30 AM IST
കൊച്ചി: എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടമായ കോർപറേഷൻ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റിയില്‍ ചെയര്‍മാനെതിരേ വീണ്ടും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി യുഡിഎഫ്. കമ്മിറ്റി അംഗമായിരുന്ന കൊച്ചങ്ങാടി കൗണ്‍സിലര്‍ എം.എച്ച്.എം. അഷറഫ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ചതിനെ തുടര്‍ന്നാണ് എല്‍ഡിഎഫിന് ഒരംഗത്തിന്റെ കുറവുവന്നതും യുഡിഎഫ് അവിശ്വാസവുമായി രംഗത്തെത്തിയതും. ഒന്‍പതംഗ കമ്മിറ്റിയില്‍ അഷ്റഫ് രാജിവച്ചതോടെ എല്‍ഡിഎഫിനും യുഡിഎഫിനും നാല് വിതം അംഗങ്ങളുമായി തുല്യനിലയിലാണ്.
ഇത് രണ്ടാം തവണയാണ് ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാനായ ജെ. സനില്മോന് എതിരെ ഈ ഭരണസമിതിയുടെ കാലത്ത് യുഡിഎഫ് അവിശ്വാസം കൊണ്ടുവരുന്നത്. അഷറഫ് പിന്തുണ പിന്‍വലിച്ച് യുഡിഎഫിനൊപ്പം നിന്നതാണ് ആദ്യം എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടമാകാനും ചെയര്മാന് സ്ഥാനം കൈവിട്ട് പോകാനും കാരണമായത്. അന്ന് അഷറഫ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ചിരുന്നില്ല. പകരം പിന്തുണ പിന്‍വലിക്കുകയാണുണ്ടായത്. കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങള്‍ അഷറഫിനെ പിന്തുണച്ചതോടെ എം.എച്ച്.എം. അഷറഫ് ചെയര്‍മാനായി. ഇതിനെതിരേ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. കേസ് തനിക്ക് പ്രതികൂലമാകുമെന്ന് കണ്ടതോടെ ചെയര്മാന് സ്ഥാനം രാജിവച്ച് അഷറഫ് എല്‍ഡിഎഫിലേക്ക് തിരികെയെത്തി. തുടര്‍ന്ന് സനില്മോന് ചെയര്‍മാനായി തിരിച്ചുവന്നു. സമാന സാഹചര്യമാണ് ഇപ്പോള്‍ കമ്മിറ്റിയില്‍ സംഭവിച്ചിരിക്കുന്നത്.
ഭൂരിപക്ഷം നഷ്ടമായാലും കമ്മിറ്റി നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസം എല്‍ഡിഎഫിനുണ്ട്. യുഡിഎഫ് നല്കിയ അവിശ്വാസം ചര്‍ച്ചയ്ക്ക് എടുക്കുന്നതിന് മുന്‍പായി കമ്മിറ്റിയില്‍ വന്ന ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് നടത്തണം. നിലവില്‍ എല്ലാവരും ഏതെങ്കിലും കമ്മിറ്റികളില്‍ അംഗമായതിനാല്‍ അവിടെ നിന്നും ആരെയെങ്കിലും രാജിവയ്പ്പിച്ചുവേണം ഇവിടേക്ക് മത്സരിപ്പിക്കാന്‍. അട്ടിമറി നീക്കത്തിലൂടെ കമ്മിറ്റിയില്‍ ഭൂരിപക്ഷം നേടി ചെയര്മാന് സ്ഥാനം വീണ്ടും പിടിച്ചെടുക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
എന്നാല്‍ എല്‍ഡിഎഫ് ക്യാമ്പില്‍ ഒട്ടും തന്നെ ആശങ്കയില്ല. കൗണ്‍സിലില്‍ ഭൂരിപക്ഷമുള്ളതിനാല്‍ കമ്മിറ്റിയിലേക്ക് ഒരു എല്‍ഡിഎഫ് അംഗത്തെ വിജയിപ്പിക്കാനാകുമെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ട്. അങ്ങനെ വന്നാല്‍ കമ്മിറ്റി എല്‍ഡിഎഫിന് നഷ്ടമായേക്കില്ല. പക്ഷെ സനില്മോനെ മാറ്റി പകരം സിപിഎം അംഗമായ വി.എസ്. വിജുവിനെ ചെയര്മാന് ആക്കിയേക്കും. ചെയര്‍മാനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മേയറുടെ പ്രതികരണത്തില്‍ ഇതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. മാത്രമല്ല, സനില്മോന് ഉള്‍പ്പെട്ട അഴിമതി ആരോപണം കൗണ്‍സിലില്‍ ശക്തമായി ഉന്നയിച്ചതും വി.എസ്. വിജു ആണ്.