ദുരിതമൊഴിയാതെ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്
1485747
Tuesday, December 10, 2024 4:07 AM IST
മൂവാറ്റുപുഴ: ദുരിതമവസാനിക്കാതെ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്. ഒന്പതു വർഷം മുൻപ് നിർമാണം ആരംഭിച്ച കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഇതുവരെയും പൂർത്തിയാക്കാനായിട്ടില്ല. ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് പ്രഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടത്ര ശുചിമുറി ഇല്ലാത്തതാണ് ഏറ്റവും ദുരിതം. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം യാത്രക്കാർ ഉപയോഗിക്കുന്ന മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശുചിമുറിയുടെ പരിസരത്ത് പോലും മൂക്ക് പൊത്താതെ നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
മിക്ക ശുചിമുറികളിലും വെള്ളത്തിന്റെ ലഭ്യതപോലും ഉറപ്പാക്കാൻ ഇതുവരെയും വേണ്ടപ്പെട്ട അധികൃതർക്ക് സാധിച്ചിട്ടില്ല. വർഷങ്ങൾക്ക് മുൻപ് നിർമാണമാരംഭിച്ച കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കാടുകയറി നശിക്കാൻ തുടങ്ങിയതോടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
മുടങ്ങിക്കിടക്കുന്ന കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കുമെന്ന് കഴിഞ്ഞ ജൂണിൽ മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചിരുന്നു. ഇതിനായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നാലര കോടി അനുവദിച്ചതായും, പൊതുജനങ്ങൾക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യമായ ശുചിമുറിയുടെ അവശേഷിക്കുന്ന നിർമാണ പ്രവൃത്തികളും ഉടൻ പൂർത്തിയാക്കുമെന്നും എംഎൽഎ പറഞ്ഞിരുന്നു. തുക അനുവദിച്ച് ആറു മാസം കഴിഞ്ഞിട്ടും യാത്രക്കാരുടെ ദുരിതത്തിന് അറുതിയായില്ല. ദീഘദൂര യാത്രാ ബസുകളടക്കം വന്നുപോകുന്ന മൂവാറ്റുപുഴ സ്റ്റാൻഡിൽ യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഒരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.