കാപ്പ ചുമത്തി; ഒളിവിൽപോയ പ്രതിയെ പോലീസ് പിടികൂടി
1485737
Tuesday, December 10, 2024 4:07 AM IST
അങ്കമാലി: കാപ്പ ചുമത്തിയതിനെതുടർന്ന് ഒളിവിൽപോയ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. കറുകുറ്റി കൊമേന്ത പടയാട്ടി വീട്ടിൽ സിജോയെ (ഊത്തപ്പൻ സിജോ-36) യാണ് അങ്കമാലി പോലീസ് പിടികൂടിയത്. കറുകുറ്റി ബാറിനു പിൻവശത്തുള്ള കെട്ടിടത്തിലാണ് നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിഞ്ഞത്. പോലീസ് അവിടെയെത്തിയപ്പോൾ പ്രതി ബാറിലേക്ക് ഓടിക്കയറി. ബാറിൽവച്ച് പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ആക്രമണത്തിൽ ഒരു വനിതാ പേലീസ് ഉൾപ്പടെ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
പരിക്കും ആക്രമണവും വകവയ്ക്കാതെ സാഹസികമായി പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അങ്കമാലി, ചെങ്ങമനാട്, കൊരട്ടി, ഫോർട്ട് കൊച്ചി, തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരധികളിൽ കൊലപാതകശ്രമം, കവർച്ച, അടിപിടി, ഭീഷണിപ്പെടുത്തൽ, പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ഫെബ്രുവരിയിൽ അങ്കമാലിയിലെ ഒരു ലോഡ്ജിൽ അതിക്രമിച്ച് കയറി ലോഡ്ജ് ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ജൂലൈയിൽ കറുകുറ്റിയിലെ ബാറിൽ ജോഫി എന്നയാളേയും സുഹൃത്തുക്കളേയും സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.