ക്രിസ്മസ്-പുതുവത്സരാഘോഷം: എക്സൈസ് സ്പെഷൽ ഡ്രൈവ് കണ്ട്രോള് റൂം തുറന്നു
1486034
Wednesday, December 11, 2024 3:38 AM IST
കൊച്ചി: ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി എക്സൈസ് വകുപ്പ് ജില്ലയില്‍ പ്രവര്‍ത്തനം ശക്തമാക്കി. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്പെഷൽ ഡ്രൈവ് കണ്ട്രോള് റൂം തുറന്നു.
2025 ജനുവരി നാല് വരെ നീണ്ടുനില്‍ക്കുന്ന ക്രിസ്മസ്, പുതുവത്സരാഘോഷ സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് ജില്ലാതലത്തില്‍ ഒരു എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിലും എല്ലാ താലൂക്കുകളിലും എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ചും സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി എക്സൈസ് ഡിവിഷന് ഓഫീസ് കേന്ദ്രീകരിച്ചുള്ള കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു.
വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം, വിതരണം, കടത്തല്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കണ്ട്രോള് റൂമില്‍ അറിയിക്കാം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സുകള്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ജില്ലയെ ആലുവ, കോതമംഗലം, കൊച്ചി എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ച് പ്രവര്‍ത്തിക്കും. നോര്‍ത്ത് പറവൂര്‍ വരാപ്പുഴ, ആലുവ, പെരുമ്പാവൂര്‍, മാമല, കാലടി, അങ്കമാലി എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആലുവ മേഖല. മൂവാറ്റുപുഴ, പിറവം, കോതമംഗലം, കുട്ടമ്പുഴ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന കോതമംഗലം മേഖലയും
ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, ഞാറയ്ക്കല്‍, എറണാകുളം, തൃപ്പൂണിത്തുറ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നത് കൊച്ചി മേഖലയുമായുമാണ് തിരിച്ചിരിക്കുന്നത്.
സത്വര പരിശോധന
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 24 മണിക്കൂറും വാഹന പരിശോധന ശക്തമാക്കും. പൊതുജനങ്ങളില്‍ നിന്നു ലഭിക്കുന്ന പരാതികളിന്മേല് മിന്നല്‍ പരിശോധന നടത്താന്‍ രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. വിവരം ലഭിച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഇത്തരം പരാതികള്‍ അന്വേഷണ വിധേയമാക്കും. വനമേഖലയിലും, വ്യാജമദ്യ ഉത്പാദനവും വിതരണവും നടത്താനിടയുള്ള മേഖലകളിലും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ നടത്തും.
എക്സൈസ് വകുപ്പ്, ഫോറസ്റ്റ് റവന്യൂ, പോലീസ്, ഡ്രഗ്സ്, ഫുഡ് ആന്‍ഡ് സേഫ്റ്റി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് വിപുലമായ സംയുക്ത പരിശോധനകള്‍ നടത്തും. രാത്രികാല പട്രോളിംഗും വാഹന പരിശോധനയും നടത്താന്‍ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
ഡി.ജെ പാര്‍ട്ടി പരിശോധന
ഡിജെ പാര്‍ട്ടികള്‍ നടത്തുന്ന ഇടങ്ങളില്‍ അനധികൃത മദ്യ, മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുന്നതിനായി എക്സൈസ്, പോലീസ്, കസ്റ്റംസ്, മറ്റ് എന്‍ഫോഴ്സസ്മെന്റ് ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിപുലമായ സംയുക്ത പരിശോധനകള്‍ നടത്തും.
ഷാഡോ എക്സൈസ്
ജില്ലയില്‍ മദ്യം, മയക്കുമരുന്ന് മാഫിയകളെ രഹസ്യമായി നിരീക്ഷിക്കുന്നതിന് ഷാഡോ എക്സൈസ്, എക്സൈസ് ഇന്റലിജന്‍സ് എന്നീ വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ മഫ്തിയില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ജില്ലയുടെ പലഭാഗങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
കരുതല്‍ തടങ്കല്‍
മയക്കുമരുന്ന് മേഖലയിലെ സ്ഥിരം കുറ്റവാളികള്‍ക്കെതിരെ പിഐടി എന്‍ഡിപിഎസ് ആക്ട് പ്രകാരം മുന്‍കൂര്‍ കസ്റ്റഡിയില്‍ വയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി എല്ലാ ലൈസന്‍സ്ഡ് സ്ഥാപനങ്ങളിലും വ്യാപകമായി പരിശോധന നടത്തുകയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യും.
സ്പെഷല്‍ ഡ്രൈവ് കാലയളവില്‍ മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ച് താഴെപ്പറയുന്ന നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍: 0484-2390657 9447178059, എറണാകുളം അസി. എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്): 0484-2397480 9496002867, എറണാകുളം ജില്ലാ കണ്ട്രോള് റൂം: 0484-2390657 9447178059, എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, എറണാകുളം: 0484-2393121 9400069552,