അരനൂറ്റാണ്ടിന് ശേഷം മൂവാറ്റുപുഴയുടെ മുഖച്ഛായ മാറുന്നു ; കച്ചേരിത്താഴത്ത് പുതിയ പാലം
1486020
Wednesday, December 11, 2024 3:37 AM IST
മൂവാറ്റുപുഴ: നീണ്ട 46 വർഷങ്ങൾക്ക് ശേഷം മൂവാറ്റുപുഴയുടെ മുഖച്ഛായ മാറുന്ന പുതിയ പാലം യാഥാർഥ്യമാകുന്നു. നഗര വികസനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച 53 കോടിയുടെ റിവൈസ്ഡ് പ്രൊപ്പോസലിന് കിഫ്ബി അന്തിമാനുമതി നൽകി. മൂവാറ്റുപുഴയുടെ നഗരവികസനം വർഷങ്ങൾക്കു മുന്പാണ് പ്ലാൻ ചെയ്ത് ഡിപിആർ തയാറാക്കിയിരുന്നത്.
ആധുനിക കാലഘട്ടത്തിലെ രൂപരേഖ അനുസരിച്ച് റിവൈസ് ചെയ്യുന്നതിനുള്ള ജോലികൾ മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ രണ്ടു വർഷത്തോളമായി നടത്തിവരികയായിരുന്നു. കോടികൾ മുടക്കി നഗരവികസനം പൂർത്തിയാക്കുന്പോഴും അത് പൂർണമായി ഫലപ്രാപ്തിയിൽ എത്തണമെങ്കിൽ കച്ചേരിത്താഴത്ത് പുതിയ പാലം വേണമെന്ന യാഥാർഥ്യം എംഎൽഎ രണ്ടു വർഷങ്ങൾക്കു മുൻപ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
അല്ലാത്തപക്ഷം പി.ഒ ജംഗ്ഷനിൽനിന്നും വെള്ളൂർകുന്നത്തുനിന്നും ഇരുവരികളായി വരുന്ന വാഹനങ്ങൾ കച്ചേരിത്താഴത്ത് എത്തുന്പോഴേക്കും ചുരുങ്ങുകയും ഒറ്റവരിയിലൂടെ പോകുകയും ചെയ്യേണ്ട അവസ്ഥയിൽ എത്തുമെന്നും അതുകാരണം നഗരവികസനം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തില്ലെന്നും എംഎൽഎ ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാലത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.
കച്ചേരിത്താഴത്ത് പുതിയ പാലത്തിനായുള്ള സാധ്യതകൾ തേടുകയും ദീർഘനാളത്തെ വിശദമായ പഠനങ്ങൾക്കും അതിനെ അടിസ്ഥാനമാക്കിയുള്ള മണ്ണ് പരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും നിലവിലെ പാലത്തിന് സമീപമായി പുതിയ പാലത്തിനുള്ള രൂപരേഖ തയാറാക്കുകയും ചെയ്തിരുന്നു. മുൻപ് 32 കോടി അനുവദിച്ചിരുന്ന മൂവാറ്റുപുഴ നഗര റോഡ് വികസനത്തിനാണ് ഇപ്പോൾ ഔട്ടർ ലൊക്കേഷൻ അടക്കം 53.6 കോടി വരെയാക്കി ഉയർത്തിയ റിവൈസ്ഡ് പ്രോജക്ടിന് എംഎൽഎയുടെ നിരന്തരമായ ഇടപെടലിനെതുടർന്ന് അനുമതി ലഭിച്ചിരിക്കുന്നത്.
തിരുവിതാംകൂർ രാജഭരണകാലത്ത് ഏഷ്യയിലെ ആദ്യത്തെ കോണ്ക്രീറ്റ് പാലമായിരുന്നു മൂവാറ്റുപുഴ നഗരത്തിലെ നിലവിലുള്ള കച്ചേരിത്താഴം ചെറിയ പാലം. ഇതിന് സമാന്തരമായിട്ട് 46 വർഷങ്ങൾക്കു മുൻപാണ് മറ്റൊരു രണ്ടു ലൈൻ പാലം കൂടി നിർമിച്ചത്. പുതിയതായി ഒരു പാലം കൂടി വരുന്നതോടെ മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് ജനങ്ങൾ. അരനൂറ്റാണ്ടിന് ശേഷം മൂവാറ്റുപുഴ നഗരത്തിന്റെ മുഖച്ഛായ മാറുന്ന മറ്റൊരു വികസനം കൂടിയാണ് നടപ്പാകാൻ പോകുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.