വയനാടിന് കൈത്താങ്ങായി രാജഗിരി പബ്ലിക് സ്കൂൾ
1486327
Thursday, December 12, 2024 1:30 AM IST
കളമശേരി: വയനാട് ദുരന്തത്തിൽ തകർന്ന വേളർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ (ജിവിഎച്ച്എസ്) ഗ്രന്ഥശാല പുനഃസ്ഥാപിക്കാനായി രാജഗിരി പബ്ലിക്ക് സ്കൂളിലെ വിദ്യാർഥികൾ 10,000 പുസ്തകങ്ങൾ സംഭാവനയായി നൽകുന്നു. സ്കൂളിലെ കെട്ടിടത്തിന്റെ പുനർനിർമാണം പൂർത്തിയായ ശേഷം ഈ പുസ്തകങ്ങൾ കൈമാറുമെന്ന് രാജഗിരി പബ്ലിക്ക് സ്കൂൾ ഡയറക്ടർ ഫാ. പൗലോസ് കിടങ്ങേൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗ്രന്ഥശാലാ സൗകര്യങ്ങൾ ഒരുക്കുന്നതിനായി വിവിധ സ്രോതസുകളിൽ നിന്ന് 10 ലക്ഷം രൂപയാണ് സ്കൂൾ ചെലവഴിക്കുന്നത്.
15ന് നടക്കുന്ന അഞ്ചാമത് രാജഗിരി മാരത്തോണിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനം വയനാട് വേളർമല ജിവിഎച്ച്എസ് ഗ്രന്ഥശാല പുനഃസ്ഥാപിക്കാനായി നൽകും. 10,000 പുസ്തകങ്ങൾ കൂടാതെ ഗ്രന്ഥശാലക്ക് വേണ്ട കംപ്യൂട്ടറുകൾ, സോഫ്റ്റ്വെയർ എന്നിവയും നൽകും.രാജഗിരി പബ്ലിക് സ്കൂളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫാ. പൗലോസ് കിടങ്ങേൻ, പ്രിൻസിപ്പൽ റൂബി ആന്റണി, പിടിഎ പ്രസിഡന്റ് ടോണി ജോസഫ്, വൈസ് പ്രസിഡന്റ് റോസ് മേരി തോമസ് , ട്രഷറർ തോമസ് തളിയത്ത്, രാജഗിരി മാരത്തോൺ കൺവീനർ പി.എൻ. ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.