വിജിലൻസ് പിടികൂടിയ ഹെൽത്ത് ഇൻസ്പെക്ടർക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കാതെ നഗരസഭ
1485738
Tuesday, December 10, 2024 4:07 AM IST
പള്ളുരുത്തി: പള്ളുരുത്തിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്പെക്ടർ അടക്കം മൂന്ന് പേരെ വിജിലൻസ് സംഘം പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷണ നടപടിയില്ലാതെ നഗരസഭ.
കൈക്കൂലി വാങ്ങിയ കേസിൽ വിജിലൻസ് പിടികൂടിയ കൊച്ചി കോർപ്പറേഷൻ പള്ളുരുത്തി മേഖലാ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടർ ആർ.എസ്. മധു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാനു, കണ്ടിൻജെൻസി ജീവനക്കാരൻ ജോൺ എന്നിവരെ മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ പിടികൂടിയ ദിവസം തന്നെ വിജിലൻസിന്റെ റിപ്പോർട്ട് നഗരസഭ സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭ അഡീഷണൽ സെക്രട്ടറി തുടർ നടപടികൾക്കായി മേയർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മേയർ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ശരിവയ്ക്കുന്നതിനായി ഇതുവരെ ഒപ്പുവച്ചിട്ടില്ല. പിടികൂടിയ ഉദ്യോഗസ്ഥർക്കെതിരെ നഗരസഭ സസ്പെൻഷൻ നടപടിയുൾപ്പെടെ സ്വീകരിക്കേണ്ടതാണെങ്കിലും മേയർ റിപ്പോർട്ടിൽ ഒപ്പ് വയ്ക്കാത്തത് യൂണിയനുകളുടെ സമർദമാണെന്ന് ആക്ഷേപമുണ്ട്.