ഭിന്നശേഷി വാരാഘോഷം നടത്തി
1485731
Tuesday, December 10, 2024 4:07 AM IST
കൊച്ചി: അന്താരാഷ്ട്ര ഭിന്നശേഷി വാരദിനാഘോഷത്തോടനുബന്ധിച്ചു വിന്‍സെന്‍ഷ്യന്‍ സര്‍വീസ് സൊസൈറ്റി സെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്മെന്റിന്റെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ടു നില്ക്കുന്ന പരിപാടികളോടെ വര്‍ണങ്ങള്‍ 2024 ടാലന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.
സംഘഗാനം, നൃത്തം, ചിത്രരചന, റാമ്പ് വാക്ക്, പെനാല്‍റ്റി ഷൂട്ട്ഔട്ട്, ബാനര്‍ മേക്കിംഗ്, കുക്കിംഗ് വിതൗട്ട് ഫയര്‍, വെല്‍ത്ത് ഔട്ട് ഓഫ് വേസ്റ്റ് എന്നീ മത്സരങ്ങളില്‍ കാഴ്ച, കേള്‍വി, സംസാര ശേഷി, ശാരീരിക പ്രശ്നങ്ങള്‍, ബുദ്ധി (ഐക്യു) എന്നിവയില്‍ പിന്നോക്കം നില്ക്കുന്ന വിവിധ സ്പെഷല്‍ സ്കൂളുകളില്‍ നിന്നള്ള ഇരുന്നൂറോളം കുട്ടികളും അധ്യാപകരും വിഎസ്എസ് സിബിആര്‍ കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു.
സമാപന സമ്മേളനം ഗായകന് റോജി ജോസഫ് ഉദ്ഘാടനം ചെയ്തു. ബഡ്സ് സ്കൂള്‍ സംഘടിപ്പിച്ച സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ ഈ വര്‍ഷം എറണാകുളം ജില്ലാ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റര്‍ നന്ദു ഷാജിയെ റോജി ജോസഫ് പൊന്നാട അണിയിച്ചും മെമെന്റോ നല്‍കിയും ആദരിച്ചു.
മേരി മാതാ പ്രോവിന്‍സ് സോഷ്യല്‍ വര്‍ക്ക് സെല്‍ മെമ്പര്‍ ഫാ. ജിജോ ജോര്‍ജ് പട്ടത്ത് അധ്യക്ഷത വഹിച്ചു. മേരി മാതാ പ്രോവിന്സിന്റെ സോഷ്യല്‍ വര്‍ക്ക് ഡയറക്ടര്‍ ഫാ. ഡിബിന്‍ പെരിഞ്ചേരി, നവജീവന്‍ സ്പെഷല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷൈനി വിന്‍സെന്റ്, വിഎസ്എസ് സിബിആര്‍ പ്രതിനിധി ഗീതു ജിനു, വിഎസ്എസ് സ്റ്റാഫ് അംഗം ജോസഫീന എന്നിവര്‍ പ്രസംഗിച്ചു.