ആന എഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനെ ഭക്തര്‍ എതിര്‍ത്തെന്ന് ദേവസ്വം ഓഫീസര്‍
1486037
Wednesday, December 11, 2024 3:38 AM IST
കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രോത്സവത്തില്‍ ആന എഴുന്നള്ളിപ്പില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിനെ പ്രദേശവാസികളും ഒരു വിഭാഗം ഭക്തരും എതിര്‍ത്തെന്ന് ദേവസ്വം ഓഫീസര്‍ ഹൈക്കോടതിയെ അറിയിച്ചു. താന്‍ ആചാരലംഘനത്തിന് ശ്രമിക്കുന്നതായി ഭക്തര്‍ ആരോപിച്ചു.
നാലാം ദിനത്തില്‍ ജനത്തിരക്കേറുകയും അപ്രതീക്ഷിതമായി മഴ പെയ്യുകയും ചെയ്തതോടെയാണ് നിയന്ത്രണങ്ങളില്‍ വീഴ്ചയുണ്ടായത്. അതിന് നിരുപാധികം മാപ്പുചോദിക്കുകയാണെന്നും ദേവസ്വം ഓഫീസര്‍ രഘുരാമന് കോടതിയെ അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചെന്നും ശ്രമമുണ്ടായില്ലെന്ന റിപ്പോര്‍ട്ട് അവാസ്തവമാണെന്നും ദേവസ്വം ഓഫീസര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ഭക്തര്‍ പ്രതിഷേധിച്ചിട്ടും ഉത്സവത്തിന്റെ ആദ്യ മൂന്നു ദിനങ്ങളിലും കോടതി ഉത്തരവ് പാലിക്കാനായി. നാലാം ദിനമായ ഡിസംബര്‍ രണ്ടിന് തൃക്കേട്ട പുറപ്പാടിന് അഭൂതപൂര്‍വമായ തിരക്കായിരുന്നു. കാണിക്ക വഴിപാടിന് ഭക്തരുടെ നീണ്ടനിര രൂപപ്പെട്ടു. മേളത്തിന്റെ സമയക്രമം അടക്കം മാറ്റി തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ചു.
എന്നാല്‍, കനത്ത മഴ പെയ്തതോടെ വരി നിന്നവരടക്കം ചിതറി. ഇതോടെ സുരക്ഷ ഉറപ്പാക്കാനാണ് തെക്കും വടക്കുമായി നിന്നിരുന്ന ആനകളെ കൂട്ടത്തോടെ പന്തലിന്റെ ഒരു ഭാഗത്തേക്ക് മാറ്റിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ആറാട്ട് ദിനത്തില്‍ 15 ആനകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി അഞ്ച് ആനകളെ മാത്രമാണ് അണിനിരത്തിയത്. കോടതി വിധി ലംഘിക്കാന്‍ ബോധപൂര്‍വമായ യാതൊരു ശ്രമവും ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.