ആനയെഴുന്നള്ളിപ്പിലെ മാര്‍ഗനിര്‍ദേശങ്ങള്‍ റദ്ദാക്കണമെന്ന് ചീഫ് ജസ്റ്റീസിന് നിവേദനം
1486036
Wednesday, December 11, 2024 3:38 AM IST
കൊച്ചി: ആനയെഴുന്നള്ളിപ്പിന് ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റീസിന് നിവേദനം. ക്ഷേത്രോത്സവ സംഘാടക ഓര്ഗനൈസേഷന്, പാരമ്പര്യ ക്ഷേത്രോല്‍സവ പ്രേമികള്‍ തുടങ്ങിയവരാണ് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്.ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പുറപ്പെടുവിച്ച മാര്‍ഗരേഖ കേരളത്തിന്റെ മതപരവും സാംസ്കാരികവുമായ ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് നിവേദനത്തില്‍ പറയുന്നു.
കോവളത്ത് വളര്‍ത്തു നായയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഉത്സവങ്ങളിലെ മതാചാരപരമായ ആനയെഴുന്നള്ളിപ്പ് ഒഴിവാക്കുന്ന വിഷയം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മറ്റ് ബെഞ്ചുകളുടെയും പരിഗണനയിലുള്ള വിഷയങ്ങളും ഈ ബെഞ്ച് പരിഗണിക്കുന്നു. ക്ഷേത്ര ഉത്സവങ്ങളുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആഗോള ഖ്യാതിയെ ബാധിക്കുന്നതാണ് കോടതി നടപടി.
ആചാരപരമായി കാണാതെ വെറുതെ പരേഡ് മാത്രമായാണ് എഴുന്നള്ളിപ്പിനെ കോടതി വിലയിരുത്തുന്നത്. ആനയെഴുന്നള്ളിപ്പ് മതാചാരത്തിന്റെ ഭാഗമല്ലെന്ന പ്രസ്താവന സാംസ്കാരികവും മതപരവുമായ പാരമ്പര്യം സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളെ അവഹേളിക്കലാണ്.
അതിനാല്‍, ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ റദ്ദാക്കണമെന്നും വിഷയം പരിഗണിക്കുന്നതില്‍നിന്ന് നിലവിലെ ബെഞ്ചിനെ മാറ്റണമെന്നുമാണ് ആവശ്യം.