മാവേലി സ്റ്റോറുകളിലെത്തുന്നവർ നിരാശയോടെ മടങ്ങുന്നു
1486317
Thursday, December 12, 2024 1:30 AM IST
പോത്താനിക്കാട്: നിറം മങ്ങിയ മാവേലി സ്റ്റോറുകളിലെത്തുന്ന കിഴക്കന്‍ മേഖലയിലെ സാധാരണക്കാര്‍ നിരാശയോടെ മടങ്ങുന്നു. നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ നല്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാവേലി സ്റ്റോറുകള്‍ ഭൂരിഭാഗവും അവശ്യസാധനങ്ങളില്ലാത്ത അവസ്ഥയിലാണ്. മൂവാറ്റുപുഴ ഡിപ്പോയുടെ കീഴിലുള്ള മാവേലി സ്റ്റോറുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും നിത്യോപയോഗ സാധനങ്ങളായ പുഴുക്കലരി, പച്ചരി, വെളിച്ചെണ്ണ, വന്‍പയര്‍, ചെറുപയര്‍ തുടങ്ങിയവ മാസങ്ങളോളമായി കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.
സാമ്പത്തികശേഷി കുറഞ്ഞ പല വീട്ടമ്മമാരും റീട്ടെയില്‍ ഷോപ്പുകളിലെത്തുന്ന സമയത്താണ് അവശ്യസാധനങ്ങളൊന്നും ഇല്ലെന്നറിയുന്നത്. ഇതിന്റെ പേരില്‍ ജീവനക്കാരോട് പലരും തട്ടിക്കയറുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. അവശ്യസാധനങ്ങള്‍ എത്രയും വേഗം സ്റ്റോറുകളിലെത്തിച്ച് വിതരണം ചെയ്യാന്‍ അധികൃതര്‍ തയാറാകാത്തപക്ഷം ധര്‍ണ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്നും ചില വീട്ടമ്മമാര്‍ പറഞ്ഞു.