അംബേദ്കര്‍ സ്റ്റേഡിയം നവീകരണം; രൂപരേഖ അന്തിമഘട്ടത്തില്‍
1486319
Thursday, December 12, 2024 1:30 AM IST
കൊച്ചി: അംബേദ്കര്‍ സ്റ്റേഡിയം നവീകരിച്ച് മിനി സ്പോര്‍ട്സ് സിറ്റിയാക്കുന്നതിനുള്ള രൂപരേഖ അന്തിമഘട്ടത്തില്‍. ഫുട്ബോള്‍ സ്റ്റേഡിയത്തിന് പുറമേ, ക്രിക്കറ്റ് നെറ്റ്, ബാസ്കറ്റ് ബോള്‍ വോളിബോള്‍ കോര്‍ട്ടുകള്‍, ഹോക്കി ഫീല്‍ഡ്, ജിംനേഷ്യം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വിശദമായ പദ്ധതി രൂപരേഖയാണ് അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നും ജിസിഡിഎ അധികൃതര്‍ അറിയിച്ചു. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലെ സ്റ്റേഡിയത്തിലെ ഗാലറി പൊളിക്കുന്ന ജോലികള്‍ ഒരാഴ്ചയ്ക്കകം പൂർത്തിയാകും.
100 കോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ഫണ്ട് സര്‍ക്കാരില്‍ നിന്നും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും നേടിയെടുക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. ബിപിസിഎല്‍ പോലുള്ള കമ്പനികളുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടന്നുവരികയാണ്. ഫുട്ബോള്‍ സ്റ്റേഡിയവും അതിന്റെ ഗാലറിയുമാണ് ആദ്യം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് 25 കോടിയോളം ചെലവാണ് പ്രതീക്ഷിക്കുന്നത്. 15000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയും അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രകൃതിദത്ത ഫുട്ബോള്‍ ടര്‍ഫും ഉള്‍പ്പെടുന്ന സ്റ്റേഡിയത്തില്‍ ചെറിയ മത്സരങ്ങള്‍ നടത്താനാകും.
കൂടാതെ, മഴക്കാലത്ത് സ്റ്റേഡിയം പരിസരം വെള്ളത്തിലാകുന്നത് തടയാന്‍ ശരിയായ ഡ്രെയിനേജ് സംവിധാനവും സ്ഥാപിക്കും. ഫുട്ബോള്‍ കോര്ട്ടിനേട് ചേര്‍ന്നായിരിക്കും മറ്റു സ്പോര്‍ട്സ് ഇനങ്ങള്‍ക്കുള്ള പരിശീലന സൗകര്യങ്ങള്‍ ഒരുക്കുക. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് വിവിധ ഘട്ടങ്ങളിലായി പദ്ധതി പൂര്‍ത്തിയാക്കും.
പദ്ധതി പൂര്‍ത്തിയായാല്‍ കായികതാരങ്ങള്‍ക്ക് ഇവിടെ പരിശീലനത്തിനുള്ള സൗകര്യമൊരുക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്ന് ജിസിഡിഎ അധികൃതര്‍ പറഞ്ഞു.