പാടശേഖരം മണ്ണടിച്ച് നികത്താൻ ശ്രമം
1486009
Wednesday, December 11, 2024 3:37 AM IST
മൂവാറ്റുപുഴ: കദളിക്കാട് തെക്കുംമല പാടശേഖരം മണ്ണടിച്ച് നികത്താൻ ശ്രമം. മഞ്ഞള്ളൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്ന തൊടുപുഴ - മുവാറ്റുപുഴ സംസ്ഥാന പാതയോരത്തുള്ള നെൽപ്പാടത്താണ് ഇന്നലെ മണ്ണടിച്ചത്. ഉച്ചയ്ക്ക് സ്റ്റോപ്പ് മെമ്മോ ലഭിച്ചതോടെയാണ് പോലീസ് ഇടപെടലിൽ മണ്ണടിക്കൽ അവസാനിപ്പിച്ചത്.
തണ്ണീർത്തട നിയമപ്രകാരം നെൽപ്പാടമായി സംരക്ഷിക്കേണ്ട പ്രദേശത്താണ് മണ്ണടിച്ചത്. നേരത്തേ തന്നെ പ്രദേശത്ത് മണ്ണടിച്ചതിന്റെ പേരിൽ വിവാദമായിരുന്നു. പരന്പരാഗതമായ നെൽപ്പാടമായിരുന്നു ഇതെന്നതിനാൽ വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർഡിഒ ഇടപെട്ട് മണ്ണിടൽ നിർത്തിവയ്പ്പിക്കുകയും ചെയ്തിരുന്നതാണ്.
ഇന്നലെ രാവിലെ മുതൽ മണ്ണിടുന്നതറിഞ്ഞ് കൃഷി ഓഫീസറും വില്ലേജ് ഓഫീസറും സ്ഥലത്തെത്തിയിരുന്നു. ഉച്ചയോടെ ഇവർക്കു ലഭിച്ച സ്റ്റോപ്പ് മെമ്മോ അനുസരിച്ച് പോലീസ് മണ്ണിടൽ നിർത്തിവയ്പ്പിച്ചു. മണ്ണ് കോരി നികത്തിക്കൊണ്ടിരുന്ന ജെസിബി വാഴക്കുളം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.