കൊച്ചി മെട്രോ യാർഡ് പൈലിംഗ് : ഭൂമി നൽകിയവരും വീടിന് ബലക്ഷയം വന്നവരും വീണ്ടും സമരപാതയിലേക്ക്
1485742
Tuesday, December 10, 2024 4:07 AM IST
ആലുവ: കൊച്ചി മെട്രോ യാർഡ് പൈലിംഗിനിടെ വിള്ളൽ വീണ 33 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, ഭൂമി വിട്ടുനൽകിയവർക്ക് ജോലി തുടങ്ങിയ വാഗ്ദാനങ്ങൾ നിറവേറ്റാതെ അധികൃതർ കഴിഞ്ഞ 11 വർഷമായി കബളിപ്പിക്കുന്നതായി പരാതി. എന്നാൽ ഈ വിഷയത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് പരാതിക്കാരെ കൊച്ചി മെട്രോ എംഡി ലോക് നാഥ് ബെഹ്റ അറിയിച്ചു.
കൊച്ചി മെട്രോ റെയില്‍ മുട്ടം യാര്‍ഡിന്റെ നിര്‍മാണത്തിനിടെ 2013ലാണ് കുന്നത്തേരി , വിടാക്കുഴ മേഖലകളിൽ വീടുകൾക്ക് ബലക്ഷയം സംഭവിച്ചത്. പിന്നീട് ജനപ്രതിനിധികളുമായി നടന്ന ചർച്ചയിൽ നഷ്ടപരിഹാരത്തിന് പുറമേ കുടുംബത്തിലെ ഒരംഗത്തിന് ജോലിയും വാഗ്ദാനം ചെയ്തിരുന്നു.
ഭൂമി വിട്ടുകൊടുത്തവർക്കും ജോലിയടക്കം നിരവധി വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു. കളിസ്ഥലം, കുളം, കിണർ എന്നിവ ഒരുക്കുമെന്നും പഞ്ചായത്തിൽ നടന്ന യോഗത്തിൽ സ്കെച്ച് അവതരിപ്പിച്ച് മെട്രോ അധികൃതർ ഉറപ്പ് നൽകിയിരുന്നു. ഈ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് ചൂർണിക്കര പഞ്ചായത്തംഗം കെ.കെ. ശിവാനന്ദൻ ആരോപിച്ചു. വീടുകൾക്ക് കേടുപാട് സംഭവിച്ചവർ സമരരംഗത്തേക്ക് ഇറങ്ങുകയാണെന്നും ശിവാനന്ദൻ പറഞ്ഞു. മെട്രോ യാർഡിന് വേണ്ടി 106 കൈവശക്കാരിൽനിന്ന് 41 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. കൃഷി ഭൂമി ആയിരുന്ന ഇവിടെ നെൽവയൽ നീർത്തട സംരക്ഷണ നിയമ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയാണ് കൃഷി ഭൂമി ഡിഎംആർസിക്ക് കൈമാറിയത്.
മഴക്കാലത്ത് അമ്പാട്ടുകാവ് മഠത്താഴം, ഐറാട്ട് പ്രദേശങ്ങളും ദേശീയപാതയും വെള്ളക്കെട്ടിലാകുന്ന സ്ഥിതിയാണ്. അമ്പാട്ടുകാവിൽ ഇതോടൊപ്പം തുരങ്കപാത നിർമിക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. ജില്ലാ ഭരണകൂടവും കൊച്ചി മെട്രോയും വാഗ്ദാനങ്ങൾ പാലിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും കൊച്ചി മെട്രോ എംഡിക്കും പരാതി നൽകിയതായി ചൂർണിക്കര പഞ്ചായത്തംഗം കെ.കെ. ശിവാനന്ദൻ അറിയിച്ചു.