അസി. വെഹിക്കിൾ ഇൻസ്പെക്ടറെ പാതിവഴിയിൽ ഇറക്കിവിട്ടു ; ഓട്ടോ ഡ്രൈവറുടെ ലൈസൻസ് തെറിച്ചു
1486322
Thursday, December 12, 2024 1:30 AM IST
കാക്കനാട്: നെടുമ്പാശേരിയിൽ വിമാനമിറങ്ങി ആലുവ അത്താണിയിലേക്ക് ഓട്ടം വിളിച്ച കൊല്ലം ആർടി ഓഫീസിലെ അസി. വെഹിക്കിൾ ഇൻസ്പെക്ടറെ കൂലിത്തർക്കത്തിനിടയിൽ പാതിവഴിയിൽ ഇറക്കിവിട്ട ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മീറ്റർ പ്രവർത്തിപ്പിക്കണമെന്ന ആവശ്യം നിരസിക്കുകയും 100 രൂപയുടെ ഓട്ടത്തിന് 180 രൂപ ആവശ്യപ്പെടുകയും ചെയ്ത ഓട്ടോക്കാരനോട് മീറ്റർ ഇട്ട് സവാരി തുടരാൻ പറഞ്ഞതാണ് സംഭവത്തിന്റെ തുടക്കം.
അമിതകൂലി ഈടാക്കരുതെന്നും യാത്രയിൽ മീറ്റർ ഇടണമെന്നും താനൊരു മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥനാണെന്നും പറഞ്ഞെങ്കിലും ഓട്ടോഡ്രൈവർ തന്നെ വഴിയിൽ ഇറക്കി വിട്ടെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ആർടി ഓഫീസിൽ വാഹനത്തിന്റെ ഫോട്ടോ സഹിതം പരാതി കൊടുക്കുകയായിരുന്നു. ഹിയറിംഗിനിടയിൽ കുറ്റം സമ്മതിച്ച ഓട്ടോ ഡ്രൈവർക്ക് 1,700 രൂപ പിഴ ചുമത്തുകയും തുടർന്ന് അധികൃതർ ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. ഈ മാസം അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.