പീഡനം: ഹോര്‍ട്ടികോര്‍പ്പ് മുന്‍ എംഡി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിൽ
1485740
Tuesday, December 10, 2024 4:07 AM IST
കൊച്ചി: വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്‍ ഹോര്‍ട്ടികോര്‍പ് എംഡി കെ. ശിവപ്രസാദി(78) നെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ചികിത്സാര്‍ഥം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പ്രതി ചികിത്സ നടത്തുന്ന ആശുപത്രി തിരുവനന്തപുരത്താണെന്ന് പറഞ്ഞായിരുന്നു അപേക്ഷ നല്‍കിയത്. ഇതിനു പിന്നാലെയാണ് ജയില്‍ മാറ്റം.
വീ്ട്ടില്‍ ആളില്ലാതിരുന്ന സമയത്ത് ജോലിക്കാരിയായ 22 കാരിക്ക് ജ്യൂസില്‍ ലഹരി ചേര്‍ത്ത് നല്കി പീഡിപ്പിച്ചെന്നാണ് കേസ്. ലഹരി കലര്‍ത്തിയ ജ്യൂസ് നല്കിയ ശേഷം കടന്നുപിടിച്ചെന്നായിരുന്നു 22കാരി ആദ്യം പോലീസിനോട് പറഞ്ഞത്. ബോധം മറഞ്ഞതിനാല്‍ പിന്നീടെന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പറഞ്ഞിരുന്നു. വൈദ്യപരിശോധനയില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് പീഡനക്കുറ്റം ചുമത്തിയത്.
26 ദിവസം ഒളിവില്‍ കഴിഞ്ഞ ശേഷം നവംബര്‍ ഒമ്പതിന് ഇയാള്‍ എറണാകുളം സൗത്ത് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി. രാജ്കുമാറിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍ അറിയിച്ചതോടെ പ്രതിയെ എറണാകുളം ജില്ലാ ജയിലിലേക്ക് വിട്ടിരുന്നു.