അങ്കമാലി എൽഎഫ് ആശുപത്രി വജ്രജൂബിലി: തപാൽ സ്റ്റാന്പ് പുറത്തിറക്കി
1486326
Thursday, December 12, 2024 1:30 AM IST
അങ്കമാലി: ലിറ്റിൽ ഫ്ളവർ നേത്രചികിത്സ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി ലോഗോ ആലേഖനം ചെയ്ത പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ആശുപത്രി ഡയറക്ടർ റവ. ഡോ. തോമസ് വൈക്കത്തുപറമ്പിലിന് സ്റ്റാന്പു നൽകി മന്ത്രി പി. രാജീവ് പ്രകാശനകർമം നിർവഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, ഗ്ലോക്കോമ വിഭാഗം മേധാവി ഡോ. കെ. ഗിരിജ തുടങ്ങിയവർ പ്രസംഗിച്ചു.
ജൂബിലിയുടെ ഭാഗമായി എംജി യൂണിവേഴ്സിറ്റിയിലെയും യുസി കോളജിലെയും നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ എറണാകുളം ജില്ലയെ സമ്പൂർണ തിമിര വിമുക്തമാക്കാനുള്ള സൗജന്യ നേത്രചികിത്സ പദ്ധതിയായ ‘ദൃഷ്ടി 2024-2025’ ന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ നടപ്പിലാക്കുന്ന എൽഎഫ് ആശുപത്രി ആതുര ശുശ്രുഷ മേഖലയിൽ കേരളത്തിന് മുഴുവൻ മാതൃകയാണെന്നു മന്ത്രി പറഞ്ഞു.
ഒരു വർഷത്തിനുള്ളിൽ ജില്ലയെ സമ്പൂർണ തിമിര വിമുക്തമാക്കുക എന്നതാണ് ദൃഷ്ടി 2024-2025 പദ്ധതിയുടെ ലക്ഷ്യമെന്ന് എൽഎഫ് ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ പറഞ്ഞു.
യുസി കോളജ് യൂണിയൻ പ്രതിനിധികളുടെ നേതൃത്വത്തിൽ ശേഖരിച്ച നേത്രദാന സമ്മത പത്രങ്ങൾ ആശുപത്രി ഡയറക്ടർ ഏറ്റുവാങ്ങി.