"സ്വപ്ന ഭവനം' പദ്ധതി: വീടുകള്‍ക്ക് തറക്കല്ലിട്ടു
1486014
Wednesday, December 11, 2024 3:37 AM IST
കൊച്ചി: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് ഈ വര്‍ഷം നടപ്പാക്കുന്ന 'സ്വപ്ന ഭവനം' പദ്ധതിയുടെ ഭാഗമായി കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ് സ്പോണ്സര് ചെയ്ത രണ്ടു വീടുകള്‍ക്കുകൂടി തറക്കില്ലിട്ടു. ആകെ നിര്‍മിക്കുന്ന വീടുകളില്‍ 33-ാമത്തെയും 34-ാമത്തെയും വീടുകള്‍ക്കാണ് വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂര്‍ കരയില്‍ തറക്കല്ലിട്ടത്.
ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജന് എന്‍. നമ്പൂതിരിയും പ്രസിഡന്റ് ഡിജില്‍ സെബാസ്റ്റ്യനും ചേര്‍ന്ന് 33-ാമത്തെ വീടിന്റെയും, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജോസഫ് മനോജും ജോസ് മംഗലിയും, പോളി കരിങ്കാട്ടിലും ചേര്‍ന്ന് 34-ാമത്തെ വീടിന്റെയും കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു. കോതമംഗലം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഡിജില്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്, ഇഞ്ചൂര്‍ പള്ളി വികാരി ഫാ. ഔസേഫച്ചന് നെടുമ്പുറം, ഡിസ്ട്രിക്ട് സെക്രട്ടറി ലയണ്‍ ജോസ് മംഗളി, കോതമംഗലം മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.വി. തോമസ്, റീജിയന് ചെയര്മാന് കെ.സി. മാത്യൂസ്, സോണ്‍ ചെയര്മാന് ബെറ്റി കോരച്ചന്‍, ക്ലബ്ബ് സെക്രട്ടറി കെ.എം. കോരച്ചന്‍, ക്ലബ് ട്രഷറര്‍ സി.എ. ടോണി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
ഗുണഭോക്താക്കളോടൊപ്പം ഗ്രേറ്റര്‍ ലയണ്‍സ് ക്ലബ് അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ക്ലബിലെ മുതിര്‍ന്ന അംഗം പോളി മാത്യു കരിങ്ങാട്ടിലാണ് വീടുകള്‍ക്കുള്ള സ്ഥലം നല്‍കിയത്.