ദുരിതത്തുരുത്ത് ; വേലിയേറ്റത്തില്‍ താന്തോണിത്തുരുത്തിലെ വീടുകള്‍ വെള്ളത്തില്‍
1486031
Wednesday, December 11, 2024 3:38 AM IST
കൊച്ചി: "വേലിയേറ്റമുണ്ടായാല്‍ ഞങ്ങളുടെ വീട് വെള്ളത്തിലാണ്, ഇതിനൊരു പരിഹാരമാകാതെ ഞങ്ങള്‍ വീടുകളിലേക്ക് മടങ്ങില്ല, പരിഹാരമുണ്ടാക്കിയേ പറ്റൂ... ' വേലിയേറ്റത്തില്‍ എപ്പോഴും വീടുകളില്‍ വെള്ളം കയറുന്നതിനാല്‍ ദുരിതമനുഭവിക്കുന്ന താന്തോണിത്തുരുത്ത് ദ്വീപ് നിവാസികളുടെ വാക്കുകളാണിത്.
ദുരിതത്തിന് പരിഹാരം തേടി ഗോശ്രീ ഐലൻഡ് വികസന അഥോറിറ്റി (ജിഡ) ഓഫീസിന് മുമ്പില്‍ അനിശ്ചിതകാല സമരത്തിലാണ് തുരുത്ത് നിവാസികള്‍. ഇന്നലെ പുലര്‍ച്ചെ മൂന്ന് മുതലാണ് ജിഡ ഓഫീസിന് മുമ്പില്‍ പ്രതിഷേധം ആരംഭിച്ചത്.
ഔട്ടര്‍ ബണ്ട് നിര്‍മിക്കാത്തതിനാല്‍ വേലിയേറ്റത്തില്‍ വീടുകളില്‍ വെള്ളം കയറുന്നത് പതിവാണ്. ഇതില്‍ പരിഹാരം കാണണമെന്നുള്ളത് ഇവരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. മുമ്പും നിരവധി പ്രതിഷേധങ്ങള്‍ തുരുത്തു നിവാസികള്‍ നടത്തിയിട്ടുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല.
വിലങ്ങായി സിആര്‍ഇസഡ്
വേലിയേറ്റ സമയത്ത് വെള്ളം കയറുന്നത് ഒഴിവാക്കാന്‍ ഔട്ടര്‍ ബണ്ട് നിര്‍മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടര്‍ന്ന് നിര്‍മാണം ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായപ്പോഴാണ് സിആര്‍ഇസഡ് വിലങ്ങുതടിയായത്. 2012ല്‍ ഔട്ടര്‍ ബണ്ട് നിര്‍മാണത്തിന് ജിഡ ഫണ്ട് അനുവദിച്ചു. ആറു കോടി രൂപയാണ് അനുവദിച്ചത്.
ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരന് നിര്‍മാണം ആരംഭിക്കാമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് സിആര്‍ഇസഡ് അനുമതി വേണമെന്ന് അധികൃതര്‍ അറിയിച്ചത്. ഇതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിലായി.
കഴിഞ്ഞമാസം ഇതേ രീതിയില്‍ വെള്ളം കയറിയപ്പോള്‍ പ്രതിഷേധവുമായെത്തിയ ദ്വീപ് നിവാസികളുമായി ജില്ലാ കളക്ടറും ജിഡ അധികൃതരും, സിആര്‍ഇസഡ് അധികൃതരും ചര്‍ച്ച നടത്തി എത്രയും വേഗം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. നവംബര്‍ 30നകം പ്രശ്നപരിഹാരമുണ്ടാക്കാമെന്ന് അറിയിച്ചതെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷവും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
അനിശ്ചിതകാല സമരത്തില്‍
അഞ്ച് മീറ്റര്‍ റോഡോടു കൂടിയ ഔട്ടര്‍ ബണ്ട് നിര്‍മിക്കുന്നതിനുള്ള ഒരു കല്ലെങ്കിലും ഇടാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന നിലപാടിലാണ് തുരുത്ത് നിവാസികള്‍.
അതുവരെ ജിഡ ഓഫീസിന് മുമ്പില്‍ അനിശ്ചിതകാല സമരം കിടക്കും. കൈയിലുള്ള പൈസ തീരുന്നതു വരെ ഭക്ഷണം കഴിക്കും. അതിന് ശേഷം പട്ടിണി കിടക്കും. എന്നാലും തീരുമാനമാകാതെ മടങ്ങില്ലെന്ന നിലപാടിലാണ് തുരുത്ത് നിവാസികള്‍.
ഇന്നലെ രാവിലെ ടി.ജെ.വിനോദ് എംഎല്‍എ ജിഡ ഓഫീസിലെത്തി സമരക്കാരുമായി സംസാരിച്ചു. കൂടാതെ മന്ത്രി പി.രാജീവുമായി കാര്യങ്ങള്‍ സംസാരിക്കുകയും നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി പറഞ്ഞതായും സമരക്കാരെ അറിയിച്ചിട്ടുണ്ട്.
62 കുടുംബങ്ങള്‍ക്ക് സഹനജീവിതം
87 കുടുംബങ്ങളുണ്ടായിരുന്ന താന്തോണിത്തുരുത്തില്‍ നിലവില്‍ 62 കുടുംബങ്ങളാണുള്ളത്. പലരും ഈ ദുരിതം കാരണം തങ്ങളുടെ വീട് വിട്ട് മറ്റിടങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയാണെന്ന് നിവാസികള്‍ പറയുന്നു. ഇന്നലെ 50 ഓളം കുടുംബങ്ങളിലെ 140 പേര് സമരത്തിനെത്തി.
ചെറിയ കുട്ടികളുള്‍പ്പെടെ പുരുഷന്മാരും സ്ത്രീകളും പ്രായമായ അമ്മമാര്‍ വരെ ജിഡ ഓഫീസിന് മുമ്പില്‍ സമരത്തിനെത്തിയിട്ടുണ്ട്. തുരുത്ത് നിവാസികളില്‍ പലരും ദിവസക്കൂലിക്ക് ജോലിയെടുക്കുന്നവരും മത്സ്യത്തൊഴിലാളികളുമാണ്. സമരം അനിശ്ചിതമായി തുടര്‍ന്നാല്‍ ഇവരുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കുമെന്നതിനാല്‍ അധികൃതര്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. കുട്ടികള്‍ക്ക് പഠിക്കുന്നതിനോ സ്കൂളില്‍ പോകാനോ സാധിക്കാത്ത സാഹചര്യമാണ്.