മണ്ണെടുപ്പിനെതിരേ നെടുംകുന്നത്ത് നാട്ടുകാരുടെ പ്രതിഷേധം ഇരമ്പി
1488970
Saturday, December 21, 2024 7:25 AM IST
നെടുംകുന്നം: നെടുംകുന്നം വീരൻമല ചമ്പന്നൂർപ്പടിയിൽ നടക്കുന്ന മണ്ണെടുപ്പിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ഇരമ്പി. സ്ത്രീകളടക്കം നൂറുകണക്കിനു പ്രദേശവാസികളാണ് പ്രതിഷേധ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തത്. റാലിയും പൊതുസമ്മേളനവും ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് വി.എം. ഗോപകുമാർ, നെടുംകുന്നം ഗോപാലകൃഷ്ണൻ, ജോ തോമസ് പായിക്കാട്, വി.ജി. ലാൽ, രഞ്ചി രവീന്ദ്രൻ, ജോൺസൺ ഇടത്തിനകം, അജി കാരുവാക്കൽ, മോഹൻദാസ്, എ.കെ. ബാബു, ഏബ്രഹാം ജോസ് മണമേൽ, രാജേഷ് വെൺപാലയ്ക്കൽ, ചീഫ് ഇമാം ജനാബ് മുജീബ് ഫലാഹി, ശ്രീഭഗവതി ദേവസ്വം പ്രസിഡന്റ് എ.ആർ. ഹരിഹരകുമാർ ആര്യാട്ട് , തോമസ് കെ. പീലിയാനിക്കൽ, മജീദ് റാവുത്തർ,
വ്യാപാരി പ്രതിനിധി ഹബീബ് റഹ്മാൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലതാ ഉണ്ണികൃഷ്ണൻ, ഒ.ടി. സൗമ്യ, പഞ്ചായത്തംഗങ്ങളായ മാത്യു വർഗീസ്, ബീന വർഗീസ്, സി.ജെ. ബീന, രവി വി. സോമൻ, ജോ ജോസഫ്, കെ. എൻ. ശശിധരൻ, വീണ ബി. നായർ, മേഴ്സി റെൻ, പ്രിയ ശ്രീരാജ് എന്നിവർ പങ്കെടുത്തു.
ചന്പന്നൂർപ്പടിയിൽ മണ്ണെടുക്കാൻ വീണ്ടും ശ്രമം; തടഞ്ഞ് ജനകീയ സമിതി
നെടുംകുന്നം: ജനരോഷം വകവയ്ക്കാതെ നെടുംകുന്നം ചമ്പന്നൂർപ്പടിയിൽനിന്നും മണ്ണെടുക്കാനുള്ള നീക്കം വീണ്ടും ജനകീയ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. ഇതിനിടെ മണ്ണെടുക്കുന്നത് മൂന്നു ദിവസത്തേക്ക് താത്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.
വ്യാഴാഴ്ച മണ്ണെടുത്ത് റോഡിലിറങ്ങിയ ടോറസുകൾ നാട്ടുകാർ ചേർന്നു തടഞ്ഞിരുന്നു. പോലീസും റവന്യു അധികൃതരും സ്ഥലലെത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് മണ്ണ് തിരിച്ചിറക്കിയശേഷം വൈകുന്നേരത്തോടെയാണ് ടോറസുകൾ കൊണ്ടുപോയത്.
ഇന്നലെ രാവിലെ രണ്ടു ടോറസുകൾ എത്തി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് സ്ഥലത്തെ മണ്ണ് ഇളക്കിയിട്ടു. ഇതോടെ നാട്ടുകാർ വീണ്ടും എതിർപ്പുമായെത്തി. അരമണിക്കൂറോളം സംഘർഷാവസ്ഥയുണ്ടായി.
പഞ്ചായത്തംഗങ്ങളും ജനകീയ സമിതി പ്രവർത്തകരും എത്തിയതോടെ മണ്ണെടുപ്പ് നിർത്തിവച്ചു. കുന്നിടിച്ചു നിരത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.