ജീവനക്കാർക്കും പെൻഷൻകാർക്കുമായി സർക്കാർ നൽകാനുള്ളത് 65,000 കോടി രൂപയെന്ന് പി.സി. വിഷ്ണുനാഥ്
1488966
Saturday, December 21, 2024 7:25 AM IST
വൈക്കം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി പിണറായിസർക്കാർ കുടിശികയായി നൽകാനുള്ളത് 65000 കോടി രൂപയാണെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ. കെഎസ്എസ്പിഎ നാല്പതാമത് ജില്ലാ സമ്മേളനം വൈക്കം എസ്എൻഡി പി യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
19 ശതമാനം ഡിഎ കുടിശികയും ശമ്പള പരിഷ്കരണ കുടിശികയും നൽകാനുണ്ട്. രണ്ടു ലക്ഷത്തോളം പെൻഷൻകാർ യഥാസമയം പെൻഷൻ ലഭിക്കാതെ മരണപ്പെട്ടിട്ടുണ്ടെന്നും വിഷ്ണുനാഥ് ആരോപിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ. മണിലാൽ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി.
കെഎസ്എസ്പിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആർ. കുറുപ്പ്, ജില്ലാ സെക്രട്ടറി പി.ജെ.ആന്റണി, നഗരസഭ ചെയർപേഴ്സൺ പ്രീതി രാജേഷ്, കെ.വി. മുരളി, ടി.എസ്. സലിം, അഡ്വ. ജി. ഗോപകുമാർ, പി.ഡി. ഉണ്ണി, എം.കെ. ഷിബു തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി നൂറുകണക്കിന് പെൻഷൻകാർ പങ്കെടുത്ത പ്രകടനവും നടന്നു.