തീർഥാടക വാഹനം ബ്രേക്ക് നഷ്ടമായി സഞ്ചരിച്ചത് രണ്ടു കിലോമീറ്റർ; ഒഴിവായതു വൻ ദുരന്തം
1488605
Friday, December 20, 2024 7:01 AM IST
മുണ്ടക്കയം ഈസ്റ്റ്: തീർഥാടക വാഹനം ബ്രേക്ക് നഷ്ടമായി സഞ്ചരിച്ചത് രണ്ടു കിലോമീറ്റർ. തമിഴ്നാട്ടിൽനിന്നുള്ള ശബരിമല തീർഥാടകരുടെ വാഹനമാണ് വലിയ ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ 10ഓടെയായിരുന്നു സംഭവം. പെരുവന്താനം ചുഴുപ്പിന് സമീപം തീർഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസിന്റെ ബ്രേക്ക് നഷ്ടമാകുകയായിരുന്നു. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട വിവരം വാഹനത്തിലുള്ളവരെ അറിയിച്ച ഡ്രൈവർ അപായ ലൈറ്റും ഫോണും മുഴക്കി എതിർദിശയിൽ നിന്നു വരുന്ന വാഹന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി.
റോഡിന്റെ ഒരുവശം അഗാധമായ കൊക്കയായതിനാൽ ഇടതുവശം ചേർന്നാണ് ഡ്രൈവർ വാഹനം നിയന്ത്രിച്ചത്. പെരുവന്താനം ടൗണിന് സമീപമെത്തിയപ്പോൾ പഞ്ചായത്ത് റോഡിലേക്ക് വാഹനം കയറ്റാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും റോഡിന്റെ വശത്ത് ഓട്ടോറിക്ഷകൾ നിരന്നുകിടന്നത് മൂലം ഈ ശ്രമം ഉപേക്ഷിച്ചു.
പിന്നീട് പെരുവന്താനം സെന്റ് ആന്റണീസ് കോളജ് റോഡിലേക്ക് വാഹനം കയറ്റി നിർത്താൻ ശ്രമിച്ചെങ്കിലും ഇവിടെ വിദ്യാർഥികൾ നിൽക്കുന്നതുകൊണ്ട് അതും സാധിച്ചില്ല. ബ്രേക്ക് നഷ്ടമായ വാഹനവുമായി ഏറെ ദൂരം പോകാൻ കഴിയില്ലെന്ന് മനസിലാക്കിയ ഡ്രൈവർ സെന്റ് ആന്റണീസ് കോളജിന് സമീപത്തെ റോഡിന്റെ വശത്തെ തിട്ടയിലേക്ക് വാഹനം ഇടിച്ച് നിർത്താൻ ശ്രമിക്കുകയായിരുന്നു. ഇതോടെ വാഹനം റോഡിൽ വട്ടംമറിഞ്ഞു.
അപകടത്തിൽ തീർഥാടകരായ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ മുണ്ടക്കയത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു കുട്ടികൾ ഉൾപ്പെടെ 22 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതവും തടസപ്പെട്ടു.
പെരുവന്താനം പോലീസും മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തി ഏറെനേരത്തെ പരിശ്രമത്തിന് ഒടുവിലാണ് വാഹനം റോഡിന്റെ വശത്തേക്ക് മാറ്റി ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചത്.
തീർഥാടനകാലം ആയതുകൊണ്ട് ദേശീയപാതയിൽ വലിയ വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഒരുവശത്തുകൂടി വാഹനം കടത്തിവിടാൻ സാധിച്ചെങ്കിലും മരുതുംമൂട് മുതൽ പെരുവന്താനം വരെ ഏറെനേരം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.