മൂന്നിലവ് കുടുംബക്ഷേമ കേന്ദ്രത്തിന്റെ മുറ്റത്ത് മാലിന്യം കുഴിച്ചുമൂടിയതായി കണ്ടെത്തി
1488863
Saturday, December 21, 2024 5:39 AM IST
മൂന്നിലവ്: പഞ്ചായത്തിലെ വീടുകളില്‍നിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ കളത്തൂക്കടവ് പിഎച്ച്സിയുടെ ഉപകേന്ദ്രത്തിന്റെ മുറ്റത്ത് കുഴിച്ചു മൂടിയതായി കണ്ടെത്തി. കളത്തൂക്കടവ് സ്വദേശിയായ ജോണ്‍സന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുറ്റം കുഴിച്ചു പരിശോധിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുഴിച്ചിട്ടെന്ന പരാതിയെത്തുടര്‍ന്നു പരിശോധന നടത്താന്‍ സെക്രട്ടറി ഉത്തരവിടുകയായിരുന്നു. അഞ്ചു ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണു കണ്ടെത്തിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഉപകേന്ദ്രത്തിന്റെ മുറ്റത്ത് തറയോട് പാകിയതിനു പിന്നാലെയാണു പരാതിയുമായി ജോണ്സണ് എത്തിയത്. കെട്ടിടത്തിന്റെ പിന്നില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുഴിയിലിട്ട് നികത്തിയശേഷമാണു തറയോട് ഇട്ടത് എന്നായിരുന്നു ആരോപണം. തുടര്‍ന്നുവന്ന മഴക്കാലത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റം ഇടിഞ്ഞതോടെ ആരോപണം ശക്തമായി.
തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറി പരിശോധന നടത്താന്‍ ഉത്തരവിട്ടത്. തറയോട് ഇളക്കിമാറ്റിയാണ് കുഴിയെടുത്ത് പരിശോധിച്ചത്. ഹരിത കര്‍മസേന ശേഖരിച്ചു വച്ചിരുന്ന മാലിന്യമാണ് ഇവിടെ തള്ളിയത്. പ്ലാസ്റ്റിക് മാലിന്യം മുറ്റത്ത് കുഴിച്ചിട്ടവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ളി ഐസക് പറഞ്ഞു.