ചുവടു ദ്രവിച്ച മരം അപകടഭീഷണിയിൽ; ജീവൻ പണയംവച്ച് വൃദ്ധ ദമ്പതികൾ
1488853
Saturday, December 21, 2024 5:24 AM IST
മുണ്ടക്കയം: ചുവടു ദ്രവിച്ച മരത്തിനു സമീപം ജീവൻ പണയംവച്ച് വൃദ്ധ ദന്പതികൾ. ദേശീയപാതയിൽ മുണ്ടക്കയം മുപ്പത്തിനാലാംമൈലിന് സമീപമാണ് അപകടഭീഷണി ഉയർത്തി റോഡിന്റെ വശത്ത് മരം നിൽക്കുന്നത്. റോഡിന്റെ സംരക്ഷണഭിത്തിയോട് ചേർന്നുനിൽക്കുന്ന പുളിമരത്തിന്റെ ചുവടു ഭാഗം പൂർണമായും ദ്രവിച്ച അവസ്ഥയിലാണ്.
ഇതിനോട് ചേർന്നാണ് കണിയാംപറമ്പിൽ ജയിംസും ഭാര്യ മറിയാമ്മയും താമസിക്കുന്നത്. അസുഖബാധിതനായ ജയിംസ് കിടപ്പുരോഗിയാണ്. വാർധക്യ സഹജമായ അസുഖങ്ങൾ മറിയാമ്മയും അലട്ടുന്നുണ്ട്.
വീടിന് മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരം അപകടഭീഷണി ഉയർത്തി നിൽക്കുന്നത് കാണിച്ച് നിരവധിത്തവണ പഞ്ചായത്തിലും ദേശീയപാതാ വിഭാഗം അധികാരികൾക്കും പരാതി നൽകിയെങ്കിലും തുടർനടപടികൾ ഒന്നുമുണ്ടാകുന്നില്ലെന്ന് വയോധികർ പറയുന്നു.
പെരുവന്താനം പഞ്ചായത്തിലെ 14-ാം വാർഡിൽപ്പെട്ട സ്ഥലമാണിത്. പരാതിയുമായി ഉദ്യോഗസ്ഥരെ സമീപിക്കുമ്പോൾ ഉടൻ വെട്ടി മാറ്റാമെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് പ്രദേശവാസികളും പറയുന്നു. ശക്തമായ മഴയും കാറ്റുമുള്ളപ്പോൾ വയോധികരായ ദമ്പതികൾ സമീപത്തെ വീടുകളിൽ അഭയം തേടുകയാണ്.
ഏതുനിമിഷവും ഒടിഞ്ഞുവീഴാറായ മരത്തിന് ചുവട്ടിൽ എത്രനാൾ ഇങ്ങനെ ഭീതിയോടെ കഴിയുമെന്നും വയോധികർ ചോദിക്കുന്നു. ഇവരുടെ ജീവന് സുരക്ഷ ഒരുക്കാൻ അപകടാവസ്ഥയിൽ നിൽക്കുന്ന മരം അടിയന്തരമായി വെട്ടി നീക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.