ലഹരിക്കായി മരുന്നുകടത്ത്; യുവാവ് പിടിയിൽ
1488724
Friday, December 20, 2024 8:31 AM IST
പാലാ: ലഹരിക്കായി ഉപയോഗിക്കുന്ന 100 കുപ്പി മരുന്ന് കടത്തികൊണ്ടുവരുന്നതിനിടയില് പാലാ എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തു. സംഭവത്തില്‍ പാലാ കടപ്പാട്ടൂര്‍ സ്വദേശി കാര്‍ത്തിക് മനുവിനെ (22) എക്സെസ് സംഘം പിടികൂടി. എക്സൈസ് അധികൃതര്‍ക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പാലായിലെ കൊറിയര്‍ സര്‍വീസ് സ്ഥാപനത്തില്‍നിന്നു പുറത്ത് കൊണ്ടുപോകും വഴിയാണ് 100 കുപ്പി മരുന്ന് പിടികൂടിയത്. പാലായിലും പരിസരത്തും വില്പനയ്ക്കായി ഓണ്‍ലൈന്‍ വഴിയാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് സംശയം ഉയര്‍ന്നിരുന്നു.
മരുന്ന് ഒരു കുപ്പിക്ക് 100 രൂപയോളം വില വരും. പുറത്ത് 600 രൂപയ്ക്കാണ് വിറ്റിരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നാണിത്. പ്രതിയെ ഡ്രഗ് കൺട്രോൾ ഡിപ്പാര്‍ട്ട്മെന്റിനു കൈമാറി. ജില്ലാ ഡ്രഗ് കണ്‍ട്രേള്‍ ഇന്‍സ്പെക്ടര്‍ താരാ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തി.
എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. ദിനേശ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് ജോസഫ്, ഷിബു ജോസഫ്, പി. രതീഷ് കുമാര്‍, ഇ.എ. തന്‍സീര്‍, മനു ചെറിയാന്, സബാഷ് ബാബു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ഉത്തേജക മരുന്നുകളുടെ ഉപയോഗവും വർധിക്കുന്നു
കോട്ടയം: കഞ്ചാവിനും മയക്കുമരുന്നുകള്‍ക്കും പുറമെ ഉത്തേജക മരുന്നുകളുടെ ഉപയോഗവും വര്‍ധിക്കുന്നു. കൗമാരക്കാര്‍ക്കിടയില്‍ വലിയ തോതിലാണ് ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ വാങ്ങി ഉപയോഗിക്കാന്‍ സാധിക്കാത്ത മരുന്നുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നത്. മരുന്നുകള്‍ ആവശ്യക്കാര്‍ക്കു കൃത്യമായി എത്തിച്ചു നല്‍കുന്നതിനായി ഏജന്റുമാരും പ്രവര്‍ത്തിക്കുന്നു. ഓണ്‍ലൈന്‍ വഴിയാണു മരുന്നുകള്‍ പൂര്‍ണമായും വിറ്റഴിക്കപ്പെടുന്നത്. പാലായില്‍ ഇന്നലെ കൊറിയറില്‍ എത്തിയ 100 കുപ്പി മരുന്നാണ് എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തത്. ഏറ്റുമാനൂരില്‍ കഴിഞ്ഞ നവംബര്‍ മാസത്തില്‍ കാറില്‍ ഒളിപ്പിച്ചു കടത്തിയ 250 കുപ്പി മരുന്നും ഏറ്റുമാനൂര്‍ പോലീസും പിടികൂടിയിരുന്നു.
പാലായില്‍ പിടികൂടിയത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നാണ്. ഏറ്റുമാനൂരില്‍ പിടിക്കപ്പെട്ടതും ഇത്തരത്തിലുള്ള മരുന്നാണ്.
വില്പനക്കാരും ആവശ്യക്കാരുമടങ്ങുന്ന ഓണ്‍ലൈന്‍ സോഷ്യല്‍ മീഡിയ ശൃംഖല ജില്ലയില്‍ സജീവമാണ്. ഏറ്റുമാനൂരില്‍ 250 കുപ്പി മരുന്നു പിടികൂടുന്നതിനു മുമ്പായി കടുത്ത നിയന്ത്രണമുള്ള വിഭാഗത്തില്‍പ്പെടുന്ന മരുന്നുകള്‍ ഉപയോഗിച്ചശേഷം അവയുടെ കുപ്പികള്‍ വഴിയോരങ്ങളില്‍ കണ്ടതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
തുടര്‍നടപടികള്‍ക്ക് കാലതാമസം
അനധികൃത ഉത്തേജക മരുന്ന് പിടിച്ചാല്‍ എക്സൈസ്-പോലീസ് വിഭാഗത്തിന് നേരിട്ട് കേസുകള്‍ എടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. മരുന്നുകളാണെന്നു കണ്ടെത്തിയാല്‍ ഉടന്‍ തന്നെ മഹസര്‍ തയാറാക്കി ഡ്രഗസ് കണ്ട്രോള് വിഭാഗത്തിനു കൈമാറും. ജില്ലയിലെ ഡ്രഗ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധിച്ച് മരുന്നുകള്‍ ഏറ്റെടുക്കും. തുടര്‍ന്നു കോടതിയില്‍ സമര്‍പ്പിക്കും. മരുന്നുകളില്‍ ചെറിയ ഒരു ഭാഗം വിശദമായ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ സെന്‍ട്രല്‍ ലാബിലേക്ക് അയച്ചുകൊടുക്കും. മരുന്നിന്റെ പരിശോധന റിപ്പോര്‍ട്ട് ലഭിക്കാന്‍ ഏറെ കാലതാമസമെടുക്കും. മിക്കപ്പോഴും റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കേസിന്റെ തുടര്‍നടപടികള്‍ നിലച്ചിട്ടുണ്ടാകും.
ലഘുവായനിയമ നടപടികള്‍
ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഇത്തരം മരുന്നുകളുമായി പിടിക്കപ്പെട്ടാല്‍ കൈയിലുള്ള മരുന്നിന്റെ വിലയുടെ മൂന്നിരട്ടിയോ, രണ്ടുവര്‍ഷം ജയില്‍വാസമോ ശിക്ഷയായി ലഭിക്കും. മിക്കപ്പോഴും പിടിക്കപ്പെടുന്നവര്‍ പിഴ ഒടുക്കി കേസുകളില്‍നിന്നും ഊരിപ്പോരും. അനധികൃതമായി മരുന്നുകള്‍ വില്പന നടത്തുന്ന ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കും വലിയ തോതില്‍ പിഴ ലഭിക്കും. മിക്കപ്പോഴും വില്പന നടത്തിയ മരുന്നിന്റെ നാലോ അഞ്ചോ ഇരട്ടി തുക പിഴയായി അടയയ്ക്കാനായിരിക്കും നോട്ടീസ് ലഭിക്കുന്നത്. ഇതോടെ അന്വേഷണങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും അവസാനിക്കും.