വത്തിക്കാന്റെ നയതന്ത്രത്തിലേക്ക് എസ്ബിയിലെ രസതന്ത്രങ്ങള്‍...
1488714
Friday, December 20, 2024 8:31 AM IST
ചങ്ങനാശേരി: പൂര്‍വവിദ്യാര്‍ഥി തിരുസഭയുടെ ശ്രേഷ്ഠ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ ആഹ്ലാദം എസ്ബിയിലെ സ്വീകരണച്ചടങ്ങില്‍ പ്രകാശിതമായി. ജോര്‍ജ് ജേക്കബ് കൂവക്കാട്ടെന്ന പൂര്‍വവിദ്യാര്‍ഥി കര്‍ദിനാളായി എസ്ബിയുടെ കാമ്പസിലെത്തിയത് അവിസ്മരണീയ മുഹൂര്‍ത്തമായി. ഇന്നലെയായിരുന്നു ആ ചരിത്ര മുഹൂര്‍ത്തം. ലാളിത്യവും നിഷ്കളങ്കതയും പുഞ്ചിരിയും നിറഞ്ഞ മുഖത്തോടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ട് കോളജിന്റെ കാമ്പസിലെത്തിയപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളും ആഹ്ലാദപുളകമണിഞ്ഞു.
എസ്ബിയില്‍ ബിഎസ്സി രസതന്ത്ര വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സിഎസ്എം യൂണിറ്റിന്റെ പ്രസിഡന്റും പിന്നീട് ഈ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായി പ്രവര്‍ത്തിക്കാന്‍ സാധിച്ച ഓര്‍മകള്‍ മാര്‍ കൂവക്കാട്ട് പങ്കുവച്ചു. എസ്ബിയില്നിന്നു ലഭിച്ച അനുഭവങ്ങളും പരിശീലനവുമാണ് തന്നെ വത്തിക്കാനിലെ നയതന്ത്ര കാര്യാലയത്തിന്റെ ചുമതലയിലും ഫ്രാന്‍സിസ് പാപ്പയുടെ അടുപ്പക്കാരനുമാക്കി മാറ്റിയതെന്നു മാര്‍ കൂവക്കാട്ട് പറഞ്ഞപ്പോള്‍ കാവുകാട്ടു ഹാളില്‍ ഹര്‍ഷാരവം മുഴങ്ങി.
സ്വീകരണ ചടങ്ങില്‍ ഗുരുക്കന്മാരും സഹപാഠികളും
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിനെ കോളജില്‍ പഠിപ്പിച്ച പ്രഫ.സെബാസ്റ്റ്യന്‍ വട്ടമറ്റം, പ്രഫ.വി.ജെ. തോമസ്, ഡോ.കെ.ഇ. ഏബ്രഹാം, ഡോ. ജോസ് മാത്യു, മുന്‍പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് മാത്യു, പ്രഫ, ടി.ജെ.കുര്യന്, ഡോ.ടി.വി.മാത്യു, പ്രഫ.അഗസ്റ്റിന് തോമസ്, പ്രഫ.സെബാസ്റ്റ്യന്‍ വര്‍ഗീസ്, ഡോ.ജയിംസ് മണിമല തുടങ്ങിയ അധ്യാപകരും സഹപാഠികളും സ്വീകരണ സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. ഇവരോടെല്ലാം കുശലാന്വേഷണം നടത്തിയും ഒപ്പംനിന്നു ഫോട്ടോയെടുത്തുമാണ് മാര്‍ കൂവക്കാട്ട് മടങ്ങിയത്.