കാഞ്ഞിരപ്പള്ളി ഇരട്ടക്കൊല: കോടതിയിൽ കൂസലില്ലാതെ പ്രതി
1488727
Friday, December 20, 2024 8:31 AM IST
കോട്ടയം: ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി കേള്‍ക്കാന്‍ ഇന്നലെ കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി (രണ്ട്)യില്‍ പോലീസ് എത്തിച്ച പ്രതി ജോര്‍ജ് കുര്യന് ഒരു കൂസലുമില്ലായിരുന്നു. കോടതി ആരംഭിക്കുന്നതിന് 20 മിനിറ്റ് മുമ്പ് എത്തിച്ച പ്രതിയെ കോടതി ആരംഭിക്കുന്നതിനു മുമ്പ്തന്നെ ഉള്ളിലേക്ക് എത്തിച്ചു.
വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ ജോര്‍ജ് സൗമ്യതയോടെയാണു പ്രതികരിച്ചത്. കുറ്റക്കാരനാണെന്നു വിധി വന്നയുടനെ പുറത്തേക്കെത്തിച്ച ജോര്‍ജിന്റെ ഇരുകൈകളിലും പോലീസ് വിലങ്ങ് ധരിപ്പിച്ചപ്പോഴും ചെറുചിരിയോടെയാണു സ്വീകരിച്ചത്. കാണാനെത്തിയ ബന്ധുക്കളോടും മാധ്യമപ്രവര്‍ത്തകരോടും സംസാരിക്കാനും ശ്രമിച്ചു.
ശാസ്ത്രീയ തെളിവുകൾ നിര്‍ണായകമായി
കോട്ടയം: കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ രഞ്ജു കുര്യന്, മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്കറിയ എന്നിവര്‍ കൊലചെയ്യപ്പെട്ട കേസില്‍ പ്രതി കരിമ്പനാല്‍ ജോര്‍ജ് കുര്യനെതിരേ നിര്‍ണായകമായത് സാക്ഷികളായ തൊഴിലാളികളുടെ മൊഴി. കരിമ്പനാല്‍ എസ്റ്റേറ്റിലെ റൈട്ടര്‍ വില്‍സണ്‍, വീട്ടുവേലക്കാരി സുജ, വീട്ടിലെ ഡ്രൈവര്‍ മഹേഷ് എന്നിവര്‍ പ്രോസിക്യൂഷനൊപ്പം ഉറച്ച മൊഴിനല്‍കി.
ഹൈദരാബാദ് സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയിലെ അസി. ഡയറക്ടറും ബാലിസ്റ്റിക് വിദഗ്ധനുമായ ഡോ. എസ്.എസ്. മൂര്‍ത്തി നേരിട്ടു ഹാജരായി നല്കിയ മൊഴിയും നിര്‍ണായകമായി. കൊലയ്ക്ക് ഉപയോഗിച്ച റിവോള്‍വര്‍ കൊണ്ടുതന്നെയാണ് വെടിയേറ്റതെന്നും മറ്റൊരു തോക്കില്‍നിന്നുള്ള വെടികൊണ്ടല്ല മരണം സംഭവിച്ചെന്നുമായിരുന്നു മൊഴി.
പ്രതിയുടെ ഷര്‍ട്ടിലും മുറിയിലും കണ്ടെത്തിയ രക്തം കൊലചെയ്യപ്പെട്ടവരുടേതു തന്നെയാണെന്ന് ഇതേ ലാബിലെ ടെക്നിഷന്‍ ഡോ. എ.കെ. റാണയും മൊഴി നല്കി. എറണാകുളം സൈബര്‍ ഫോറന്‍സിക് സയന്‍സ് വിദഗ്ധ മേരി ഷെറിന് നല്കിയ മൊഴിയും നിര്‍ണായകമായി. റിവോള്‍വര്‍ ഉപയോഗിക്കുന്നതില്‍ പ്രതിയുടെ മുന്‍ പ്രാവീണ്യം സംബന്ധിച്ച് ഇടുക്കി റൈഫിള്‍സ് ക്ലബ് സെക്രട്ടറി വി.സി. ജെയിംസും മൊഴി നല്‍കിയിരുന്നു.
കൊലയ്ക്കുശേഷം പ്രതിയുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പോലീസ് പരിശോധനയ്ക്കു വിധേയമാക്കി. കൃത്യത്തിനു തലേന്ന് ഇന്റര്‍നെറ്റില്‍ നടത്തിയ തെരച്ചില്‍ നിര്‍ണായ തെളിവായി. എങ്ങനെ, എപ്പോള്‍, ഏതു രീതിയില്‍ പ്രതികാരം ചെയ്യാം തുടങ്ങിയ ഗൂഗിള്‍ തെരച്ചിലുകള്‍ കോടതി തെളിവായി സ്വീകരിച്ചു.
എല്ലാ കാര്യങ്ങളും നിയന്ത്രണങ്ങള്‍ക്ക് അപ്പുറമാണെന്നും ഇനിയൊരു ഒത്തുതീര്‍പ്പിന് സാഹചര്യമില്ലെന്നും താന്‍ അറ്റകൈ തീരുമാനമെടുത്തെന്നും നിങ്ങളുടെ പേര് കേസില്‍പ്പെടാന്‍ താത്പര്യമില്ലാത്തതിനാല്‍ വീട്ടിലേക്ക് വരരുതെന്നും അടുത്ത സുഹൃത്തുക്കള്‍ക്ക് ജോര്‍ജ് കുര്യന് മെസേജ് അയച്ചിരുന്നു. എന്തു സംഭവിച്ചാലും സംഭവിക്കട്ടെയെന്നും സംഭവം തലക്കെട്ട് വാര്‍ത്തയാകുമെന്നും സഹോദരിയുമായി നടത്തിയ ചാറ്റിംഗിലുണ്ട്. അരുതാത്തതൊന്നും ചെയ്യരുതെന്നും വീട്ടുകാരുമായി ധാരണയിലെത്തണമെന്നുമുള്ള സഹോദരിയുടെ ഉപദേശത്തിനു മറുപടിയായി ആ ഘട്ടമൊക്കെ കഴിഞ്ഞുപോയെന്നാണ് തിരികെയുള്ള മെസേജ്. കൃത്യം നടത്തുന്നതിന് മുന്‍കൂട്ടി വിശദമായി ആലോചിച്ചും പഠിച്ചും തീരുമാനമെടുത്തിരുന്നതായി പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചു.
കാഞ്ഞിരപ്പള്ളി-മണിമല റോഡിനോടു ചേര്‍ന്നുള്ള കരിമ്പനാല്‍ വീട്ടിലാണ് 2022 മാര്‍ച്ച് ഏഴിനു വൈകുന്നേരം നാലരയോടെ കൊലപാതകം നടന്നത്. ഇതിന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്ലാന്റേഴ്സ് ക്ലബ്ബില്‍ പ്രതി ദിവസങ്ങള്‍ക്കു മുന്‍പ് എത്തി മുറിയില്‍ കഴിഞ്ഞു. സ്വന്തം റിവോള്‍വറും അന്‍പതു തിരകളുമായി ബന്ധുവിന്റെ കാറില്‍ കുടുംബവീട്ടിലെത്തി അനുജനെയും മാതൃസഹോദരനെയും വെടിവച്ചാതായാണ് കേസ്.
ഇരുവര്‍ക്കും നേരേ ആദ്യം നിറയൊഴിച്ചപ്പോള്‍ മാതൃസഹോദരന്‍ മാത്യു സ്കറിയ നിലത്തു വീണു. ഉടന്‍ നെറ്റിയിലേക്ക് റൈഫിള്‍ ചേര്‍ത്തുവച്ച് അടുത്ത നിറയൊഴിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അനുജനെ പിന്നില്‍നിന്നു വീണ്ടും വെടിവച്ചു. അറസ്റ്റിലായശേഷം സുപ്രീംകോടതിയില്‍ അടക്കം വിവിധ കോടതികളില്‍ ജാമ്യഹര്‍ജികള്‍ നല്‍കിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഡിസംബര്‍ 31ന് മുന്‍പ് കേസില്‍ തീര്‍പ്പുണ്ടാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് അവസാനഘട്ടം നടപടികള്‍ വേഗത്തിലാക്കിയിരുന്നു. ജഡ്ജി ജെ. നാസര്‍ മുന്‍പാകെ 2023 ഏപ്രില്‍ 24ന് ആരംഭിച്ച വിചാരണ കഴിഞ്ഞ വെള്ളിയാഴ്ചയാണു പൂര്‍ത്തിയായത്.
നാടിനെ നടുക്കിയ കൊലപാതകം
കോട്ടയം: നാടിനെ നടുക്കിയ സംഭവ മായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ സമ്പന്ന കുടുംബത്തിലുണ്ടായ ഇരട്ടക്കൊലപാതകം. കരിമ്പനാല്‍ ജോര്‍ജ് കുര്യന് സഹോദരന് രഞ്ജു കുര്യനെയും മാതൃസഹോദരന്‍ മാത്യു സ്കറിയയെയും വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. രഞ്ജു സംഭവസ്ഥലത്തും മാത്യു സ്കറിയ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
എറണാകുളത്ത് താമസിക്കുന്ന ജോര്‍ജ് കുര്യന് വീടും ഫ്ലാറ്റും നിര്മിച്ചുവില്ക്കുന്ന ബിസിസ് നടത്തിവരുകയായിരുന്നു. കടബാധ്യതയെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ കുടുംബ വീടിനോടുചേര്‍ന്നുള്ള രണ്ടരയേക്കറോളം സ്ഥലം പിതാവ് ജോര്‍ജ് കുര്യന് നല്‍കിയിരുന്നു. അവിടെ വീട് നിര്‍മിച്ച് വില്‍ക്കാനുള്ള ജോര്‍ജിന്റെ തീരുമാനത്തെ രഞ്ജു എതിര്‍ക്കുകയും കുടുംബവീടിനോടുചേര്‍ന്നുള്ള അരയേക്കര്‍ ഒഴിച്ചിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്.
തലേദിവസം വീട്ടില്‍ ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കൊല നടത്താനെത്തിയപ്പോള്‍ പ്രതി ബാഗിനുള്ളില്‍ റിവോള്‍വറും കരുതിയിരുന്നു.
വീട്ടുവളപ്പിലുണ്ടായിരുന്ന ജോലിക്കാരാണ് വെടിശബ്ദം കേട്ടത്. തുടര്‍ന്ന് പോലീസിനെ അറിയിച്ചതോടെ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. പ്രതിയെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ്ചെയ്തു.