നിയന്ത്രണം വിട്ട ലോറി പാടത്തേക്ക് കീഴ്മേൽ മറിഞ്ഞു
1488960
Saturday, December 21, 2024 7:13 AM IST
തലയോലപ്പറമ്പ്: നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ പാടത്തേക്ക് തലകീഴായി മറിഞ്ഞു. എറണാകുളം സ്വദേശിയായ ഡ്രൈവറടക്കം മൂന്നുപേർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കോട്ടയം -എറണാകുളം റോഡിൽ വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംഗ്ഷനു സമീപം ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു അപകടം. കോട്ടയത്ത് നിന്നും വേസ്റ്റ് പേപ്പർ കയറ്റി ലോറി എറണാകുളത്തേക്ക് പോകുകയായിരുന്നു. വളവിനുസമീപം എതിരേ വന്ന വാഹനത്തിലിടിക്കാതിരിക്കാൻ ലോറി വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
അപകടത്തെ തുടർന്ന് റോഡരികിലെ സുരക്ഷാവേലിയും വൈദ്യുത പോസ്റ്റും തകർന്നു. അപകടം കണ്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് ലോറിയിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. വൈദ്യുത പോസ്റ്റ് തകർന്നതിനെ തുടർന്ന് വെട്ടിക്കാട്ട്മുക്ക്, വടകര ഭാഗത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
അപകടങ്ങൾ പതിവാകുന്ന ഈ ഭാഗത്ത് ഏതാനും മാസങ്ങൾക്ക് മുമ്പ് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് 30 പേർക്ക് പരിക്കേറ്റിരുന്നു. ഒരു വർഷത്തിനിടയിൽ 20തോളം അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. കഴിഞ്ഞ ദിവസം സ്വകാര്യ ബസുംകെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്കേറ്റിരുന്നു.
അപകടങ്ങൾ പതിവാകുന്നത് കണക്കിലെടുത്ത് ഗതാഗതം സുരക്ഷിതമാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.