മന്നം ജയന്തി: ജനശതാബ്ദിക്ക് ചങ്ങനാശേരിയില്‍ സ്റ്റോപ്പ്
1488711
Friday, December 20, 2024 8:30 AM IST
ചങ്ങനാശേരി: മന്നംജയന്തിയോട് അനുബന്ധിച്ച് കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരിയില്‍ താത്കാലിക സ്റ്റോപ്പ് അനുവദിപ്പിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
31 ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്നയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനെത്തുന്ന കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമുള്ള എന്‍എസ്എസ് പ്രതിനിധികള്‍ക്ക് ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരിയില്‍ സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇവര്‍ ബുദ്ധിമുട്ട് തന്നെ അറിയിച്ചിരുന്നതായും നേരത്തെ കോട്ടയം, ആലപ്പുഴ തുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിന്‍ ഇറങ്ങിയാണ് ഇവര്‍ ചങ്ങനാശേരിയില്‍ എത്തിയിരുന്നതെന്നും എംപി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനശതാബ്ദി എക്സ്പ്രസിന് ഈ ദിവസങ്ങളില്‍ താത്കാലിക സ്റ്റോപ്പ് അനുവദിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തിയതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ഈ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ മന്ത്രിയെ സന്ദര്‍ശിക്കുകയും ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കുകയും ചെയ്തിരുന്നതായും അടുത്ത ടൈംടേബിള്‍ കമ്മിറ്റി കൂടുന്ന മുറയ്ക്ക് ചങ്ങനാശേരിയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് ആവശ്യമായിട്ടുള്ള ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും എംപി അറിയിച്ചു.