കാത്തിരിപ്പ് നീണ്ടു; റോഡ് നന്നാക്കാന്‍ മുന്നിട്ടിറങ്ങി നാട്ടുകാര്‍
1488708
Friday, December 20, 2024 8:30 AM IST
പെരുവ: റോഡ് നന്നാകുന്നതും പ്രതീക്ഷിച്ചുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീണ്ടതോടെ റോഡ് നന്നാക്കാന്‍ മുന്നിട്ടിറങ്ങി നാട്ടുകാര്‍.
തകര്‍ന്ന റോഡ് ഇന്നു ശരിയാക്കിത്തരും, നാളെ ശരിയാക്കും എന്നു പറയുന്നതും കേട്ട് കാത്തിരുന്നിട്ട് കാര്യമില്ലെന്നറിഞ്ഞതോടെ ആര്‍ക്കു വേണ്ടിയും കാത്തിരിക്കാതെ പ്രശ്നത്തിന് പരിഹാരം കാണാന്‍ നാട്ടുകാര്‍ തുനിഞ്ഞിറങ്ങുകയായിരുന്നു. തകര്‍ന്ന് കിടക്കുന്ന മൂര്‍ക്കാട്ടില്‍പ്പടി-വെള്ളൂര്‍ പോലീസ് സ്റ്റേഷന് റോഡാണ് നാട്ടുകാര്‍ നന്നാക്കുക. പെരുവയിലെ ജനകീയ പ്രതികരണവേദി പ്രവര്‍ത്തകരാണ് സുമനസുകളുടെ സഹായത്തോടെ കുഴികള്‍ അടച്ച് റോഡ് താത്ക്കാലികമായി സഞ്ചാരയോഗ്യമാക്കുന്നത്.
മൂര്ക്കാട്ടില്പടിയിലെ എ വണ്‍ ബിസിനസ് കോംപ്ലക്സ് ഉടമകളാണ് ആദ്യദിനം മൂര്ക്കാട്ടില്പടിയില്നിന്ന് റോഡിന്റെ അരകിലോമീറ്റര്‍ ദൂരത്തിലെ കുഴികളടച്ചു റോഡ് സഞ്ചാരയോഗ്യമാക്കിയത്.
മൂര്‍ക്കാട്ടില്‍പടി മുതല്‍ കാട്ടാമ്പള്ളി പാടം വരെയുള്ള ഭാഗത്തെ കുഴികള്‍ പൂര്‍ണമായും അടച്ചാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. മുളക്കുളം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന രണ്ട് കിലോമീറ്റര്‍ വരുന്ന മൂര്‍ക്കാട്ടില്‍പടി-വെള്ളൂര്‍ പോലീസ് സ്റ്റേഷന് റോഡില്‍ ഇനി അറ്റകുറ്റപ്പണി നടത്താനുള്ളത് ഒന്നര കിലോമീറ്റര്‍ ദൂരമാണ്. ഒരാഴ്ച്ചയ്ക്കകം ഇതും ഗതാഗതയോഗ്യമാക്കുമെന്ന് പെരുവ ജനകീയ പ്രതികരണവേദി ഭാരവാഹികള്‍ പറഞ്ഞു.