ചികിത്സാ സഹായത്തിനായി നാടൊന്നിക്കുന്നു
1488862
Saturday, December 21, 2024 5:39 AM IST
മരങ്ങാട്ടുപിള്ളി: എറണാകുളം ഏരൂര്‍ വച്ചുണ്ടായ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മരങ്ങാട്ടുപിള്ളി സ്വദേശിയും മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ സാക്ഷരതാ പ്രേരകുമായിരുന്ന ഓമന സുധന്റെ മകള്‍ ആര്യ വിഷ്ണുവിന്റെ ചികിത്സയ്ക്കായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ, സാമുദായിക, സാമൂഹിക സംഘടനകള്‍ ഉള്‍പ്പെടുന്ന ബഹുജന കൂട്ടായ്മ രൂപീകരിച്ച് ചികിത്സാ സഹായഫണ്ട് രൂപീകരിച്ചു.
കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ ആര്യയുടെ ഭര്‍ത്താവ് വിഷ്ണു ഗോപാല്‍ തത്ക്ഷണം മരിച്ചിരുന്നു. ഇവരുടെ വിവാഹം ഡിസംബര്‍ ഒന്നിന് ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ ആര്യയുടെ ആന്തരികാവയവങ്ങള്‍ക്ക് കടുത്ത ക്ഷതമേറ്റതിനാല് എറണാകുളം മെഡിക്കല്‍ സെന്ററില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. അടിയന്തര ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന ഭാരിച്ച തുക കണ്ടെത്തുന്നതിനായി ഇന്ന് ഒരു ദിവസം കൊണ്ട് തുക സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി മുഴുവന്‍ വാര്‍ഡുകളിലും രാവിലെ എട്ടു മുതല്‍ പ്രവര്‍ത്തക സ്ക്വാഡുകള്‍ രംഗത്തിറങ്ങും.
തുക നേരിട്ട് അടയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മരങ്ങാട്ടുപിള്ളി ബ്രാഞ്ചിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ 0872053000002505 (IFSC:SIBL0000872) നമ്പര്‍ അക്കൗണ്ടില്‍ അടയ്ക്കാവുന്നതാണ്.
ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു
പാലാ: പൈക മല്ലികശേരി ഭാഗത്ത് തുണ്ടിയില്‍ റോണി സെബാസ്റ്റ്യന്റെ (44) ചികിത്സാ സഹായത്തിനായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. റോണിയും ഭാര്യയും മൂന്നു കുട്ടികളുടങ്ങുന്ന കുടുംബമാണ് റോണിയുടേത്. ഒരു വര്‍ഷമായി രോഗബാധിതനായ ഇദ്ദേഹത്തിന് ക്രോണിക് കാല്‍സി ഫിക് പാന്‍ക്രിയാറ്റൈറ്റിസ് എന്ന രോഗമാണെന്ന് സ്ഥിരീകരിച്ചു. ഉടന്‍ ഓപ്പറേഷന് നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന റോണിക്കായി എലിക്കുളം പഞ്ചായത്ത് രണ്ടാം വാര്‍ഡംഗം മാത്യൂസ് പെരുമനങ്ങാട് ചെയര്‍മാനും ജോബി തോമസ് പട്ടാംകുളം കണ്‍വീനറും സൈനു കുന്നത്തുപുരയിടം ജനറല്‍ കണ്‍വീനറുമായ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ബാങ്ക് അക്കൗണ്ട് നമ്പര്‍: 11150100114610, ഐഎഫ്എസ്സി കോഡ്: എഫ്ഡിആര്‍എല്‍ 0001115 ഫെഡറല്‍ ബാങ്ക് പൂവരണി ബ്രാഞ്ച്.